മൊബൈല്‍ ഫോണില്‍ ചാര്‍ജില്ല: അമ്മയുടെ ഫോണ്‍ നല്‍കാത്തതില്‍ 15കാരന്‍ ആത്മഹത്യ ചെയ്തു

June 13, 2018 0 By Editor

കോതമംഗലം: മൊബൈല്‍ ഫോണ്‍ കിട്ടാത്ത മനോവിഷമത്തിലായ 15 കാരന്‍ മാതാവ് വീട്ടില്‍ നിന്നും മാറിയ നേരത്ത് ജീവനൊടുക്കി. ഊന്നുകല്‍ പൊലീസ് സ്റ്റേഷനിലെ വെള്ളാമകുത്തില്‍ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുട്ടമ്പുഴ സ്വദേശിയും തലക്കോട് വെള്ളാമക്കുത്ത് ഭാഗത്ത് തടത്തില്‍ മാണിയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചുവരുന്നതുമായ കുന്നുപുറത്ത് രഞ്ചന്റെ മകന്‍ ആല്‍ബിനാണ് (15) മരണപ്പെട്ടത്.

പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെ: ആല്‍ബിന്‍ രാവിലെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റപ്പോള്‍ വീട്ടില്‍ കറണ്ടില്ല. മൊബൈലില്‍ നോക്കുമ്പോള്‍ 10 ശതമാനം ചാര്‍ജ്ജേ അവശേഷിക്കുന്നുള്ളു എന്നും ആല്‍ബിന് ബോധ്യമായി. തുടര്‍ന്നാണ് മാതാവ് ലീലയോട് അവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ആല്‍ബിന്‍ ആവശ്യപ്പെടുന്നത്.

ചാര്‍ജ്ജ് ചെയ്യാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ തന്റെ ഫോണിലെ ചാര്‍ജ്ജ് കൂടി നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി ഇവര്‍ മകന്‍ ഫോണ്‍ നല്‍കിയില്ല. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ സംസാരമുണ്ടായത്. ഇതിന് ശേഷം ഇവര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും വാഹനം വരുന്നുണ്ടോ എന്ന് തിരക്കാന്‍ അയല്‍വീട്ടിലേയ്ക്ക് പോയി. കുറച്ചുനേരം കാത്ത് നിന്നിട്ടും വാഹനം എത്താത്തതിനെത്തുടര്‍ന്ന് ഇവര്‍ തിരിച്ചുവന്നപ്പോഴാണ് മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പുകമ്പിയില്‍ കൈലിമുണ്ടില്‍ മകന്‍ തൂങ്ങിമരിച്ച നിലയില്‍ക്കാണുന്നത്.

ഇവരുടെ നിലവിളികേട്ടെത്തിയ അയല്‍ക്കാര്‍ വിവരം ഊന്നുകല്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. എസ്. ഐ. നിയാസിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളില്‍ നിന്നും പത്താംക്ലാസ് പാസ്സായശേഷം പ്ലസ്ടുവിന് ചേരുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു ആല്‍ബിന്‍.