Begin typing your search above and press return to search.
‘ഞങ്ങൾ സിപിഎമ്മുകാർ’: പാലക്കാട്ട് ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടതിൽ പ്രതിയുടെ വെളിപ്പെടുത്തൽ
പാലക്കാട്∙ തങ്ങൾ സിപിഎമ്മുകാരാണെന്ന് ഷാജഹാൻ കൊലക്കേസ് രണ്ടാം പ്രതി അനീഷ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പറഞ്ഞു. പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അനീഷിന്റെ പ്രതികരണം.
അതേസമയം, കേസിൽ കൊട്ടേക്കാട് സ്വദേശികളായ നാലുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ആയുധം എത്തിച്ച നാലുപേര്‍ കസ്റ്റഡിയിലായി. ബിജെപി അനുഭാവികളായ 8 പേർ രാഷ്ട്രീയ വിരോധത്താൽ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയതെങ്കിലും പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയിൽ നിന്നും മറ്റു 3 പ്രതികളെ മലമ്പുഴ കവ വനമേഖലയോടു ചേർന്നുള്ള കോഴിമലയിലെ കുന്നിനു മുകളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകൾ കോരയാർപ്പുഴയുടെ തീരത്ത് പാടത്തോടു ചേർന്ന് ഒളിപ്പിച്ച നിലയിൽ തെളിവെടുപ്പിനിടെ കണ്ടെത്തി.
ബുധനാഴ്ചയാണ് കൊലപാതകത്തിന്റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ രാഖി കെട്ടിയതുമായും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് വച്ചതുമായും ബന്ധപ്പെട്ട് ഈയിടെ തർക്കമുണ്ടായിരുന്നു. 14നു പകലും ഒന്നാം പ്രതി നവീനുമായി തർക്കമുണ്ടായെന്നും അന്നു രാത്രിയാണു കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞിരുന്നു. ഷാജഹാൻ 2019ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവർത്തനങ്ങളിൽ പ്രതികൾക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകൽച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഇവർ പാർട്ടി പ്രവർത്തനത്തിൽ നിന്നുൾപ്പെടെ മാറി നിന്നതായും പൊലീസ് പറഞ്ഞു.
Next Story