ഒപ്പം താമസിച്ച കാമുകന് ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ് കാമുകി വീട്ടിലേക്ക് മടങ്ങിപ്പോയി; യുവാവ് പുഴയില്‍ ചാടി, രക്ഷകരായി ഫയര്‍ഫോഴ്‌സും പോലീസും

ഒപ്പം താമസിച്ച കാമുകന് ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞ് കാമുകി വീട്ടിലേക്ക് മടങ്ങിപ്പോയി; യുവാവ് പുഴയില്‍ ചാടി, രക്ഷകരായി ഫയര്‍ഫോഴ്‌സും പോലീസും

December 9, 2022 0 By Editor

തൊടുപുഴ: ഭാര്യയും മക്കളുമുണ്ടെന്ന വിവരമറിഞ്ഞ് കാമുകി വീട്ടിലേക്ക് മടങ്ങിയതിനെ തുടര്‍ന്ന് യുവാവ് പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊടുപുഴ നഗരത്തില്‍ പോലീസ് സ്‌റ്റേഷനു സമീപം പാലത്തില്‍ നിന്നാണ് കോലാനി സ്വദേശി ജോജോ ജോര്‍ജ് പുഴയില്‍ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്സും രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് പാലത്തില്‍ നിന്നും തൊടുപുഴയാറിലേക്ക് യുവാവ് ചാടിയത്. സംഭവം കണ്ട വഴിയാത്രക്കാര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. പോലീസുകാര്‍ ഓടിയെത്തിയെങ്കിലും ഒഴുക്ക് ശക്തമായ പുഴയിലേക്കിറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിളിച്ച് വരുത്തി. ഈ സമയം ഒഴുക്കില്‍പ്പെട്ട ജോജോ നീന്തി പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ കയറിപ്പിടിച്ചു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാംഗം നീന്തിയെത്തി ഒഴുകിപ്പോകാതെ ജോജോയെ ഇവിടെ സുരക്ഷിതനാക്കി. മറ്റ് സേനാംഗങ്ങള്‍ പുഴയുടെ മധ്യത്തിലേക്ക് നീന്തിയെത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് മൂലം സാധിച്ചില്ല. തുടര്‍ന്ന് പാലത്തില്‍ നിന്നും കെട്ടിയ വടത്തില്‍ തൂങ്ങിയാണ് സേനാംഗങ്ങള്‍ പുഴയിലേക്കിറങ്ങിയത്. പിന്നീട് വലയുപയോഗിച്ച് ജോജോയെ കരയ്ക്കെത്തിച്ച് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ പ്രണയത്തിലായിരുന്നു. ഒരു മാസം മുമ്പ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി ഇയാള്‍ക്കൊപ്പം കോലാനിയിലെ വീട്ടിലായിരുന്നു താമസം. എന്നാല്‍ ജോജോ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം മൂന്നു ദിവസം മുമ്പ് യുവതി അറിഞ്ഞു. ഇതോടെ മാതാപിതാക്കളെ യുവതി വിളിച്ചു വരുത്തി. മകളെ കൂട്ടിക്കൊണ്ടു പോകാന്‍ ഇവരെത്തിയപ്പോള്‍ ജോജോയുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പിന്നീട് ഇവര്‍, മകളെ തടഞ്ഞ് വച്ചിരിക്കുന്നതായി കാട്ടി ഇ-മെയില്‍ വഴി തൊടുപുഴ പോലീസിനു പരാതി നല്‍കുകയായിരുന്നു.

പോലീസ് ഇന്നലെ രാവിലെ ഇവരെയും യുവതിയുടെ മാതാപിതാക്കളെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചതോടെ യുവതി ഇവര്‍ക്കൊപ്പം പോകുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയ ജോജോ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോജോ അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഡിവൈ.എസ്.പി. എം.ആര്‍.മധുബാബു, സി.ഐ വി.സി.വിഷ്ണുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോജോ ജോര്‍ജിന് എതിരെ ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തു.