പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യമൊരുങ്ങുന്നു

പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യമൊരുങ്ങുന്നു

January 17, 2023 0 By Editor

തിരുവനന്തപുരം: പി.എസ്.സി പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താനുള്ള സൗകര്യമൊരുങ്ങുന്നു. ഇതുസംബന്ധിച്ച സോഫ്റ്റ് വെയർ ഫെബ്രുവരി ആദ്യവാരത്തോടെ കേരള പബ്ലിക് സർവിസ് കമീഷൻ പുറത്തിറക്കും. നിലവിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ തിരുത്തുന്നതിന് ഉദ്യോഗാർഥിക്ക് നേരിട്ട് അവസരമില്ല. പി.എസ്.സി വെബ്സൈറ്റിൽനിന്ന് ‘തിരുത്തൽ ഫോറം’ ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച ശേഷം ജില്ല പി.എസ്.സി ഓഫിസിനെ സമീപിച്ച് രേഖ പരിശോധനക്കു ശേഷമേ തിരുത്തൽ അനുവദിക്കാറുള്ളൂ.

പ്രതിദിനം നൂറുകണക്കിന് ഉദ്യോഗാർഥികളാണ് തിരുത്തൽ അപേക്ഷ സമർപ്പിക്കാറുള്ളത്. ദൈനംദിന ജോലികൾക്ക് പുറമെ, ഇത്തരം അപേക്ഷകൾ വൻ ജോലിഭാരം ഉദ്യോഗസ്ഥരിലുണ്ടാക്കുന്നെന്ന് കണ്ടത്തിയതോടെയാണ് പുതിയ പരിഷ്കാരം. പ്രൊഫൈലിലെ ജാതി, മതം, ലിഗം, തൊഴിൽ പരിചയ സമ്പന്നത, മാതാപിതാക്കളുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ഉദ്യോഗാർഥികൾക്കുതന്നെ തിരുത്താമെന്നാണ് പ്രാഥമിക തീരുമാനം.

എന്നാൽ, ഉദ്യോഗാർഥിയുടെ പേര്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, തിരിച്ചറിയൽ മാർക്കുകൾ തുടങ്ങിയവ ഉദ്യോഗസ്ഥ പരിശോധനക്കു ശേഷമേ തിരുത്താൻ കഴിയൂ. പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യത നിബന്ധനകൾക്ക് വിധേയമായി തിരുത്താം. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥിക്ക് പി.എസ്.സി ഓഫിസിൽ ഹാജാരാകാതെ പി.ജിയോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ രേഖപ്പെടുത്താം.

എന്നാൽ, ഡിഗ്രി യോഗ്യത രേഖപ്പെടുത്തിയ ഉദ്യോഗാർഥിക്ക് അതിനു താഴെയോഗ്യതയുള്ള പ്ലസ് ടു, എസ്.എസ്.എൽ.സി തുടങ്ങിയവ സ്വയംരേഖപ്പെടുത്താൻ കഴിയില്ല. ഇതിന് പി.എസ്.സി ഓഫിസിൽ ഹാജരാകേണ്ടിവരും.ഡിഗ്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഏതു വിഷയത്തിലാണെന്ന് (ഉദാ. ബി.എ ഹിസ്റ്ററി ആണെങ്കിൽ ബി.എ മലയാളമാക്കി തിരുത്താം) പ്രൊഫൈലിൽ വ്യക്തമാക്കാം.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ രേഖകൾ പി.എസ്.സി വിശദമായി പരിശോധിക്കൂ. വിവരങ്ങൾ വസ്തുനിഷ്ഠമാണെന്ന് കണ്ടാൽ മാത്രമേ ഉദ്യോഗാർഥിയ തുടർതെരഞ്ഞെടുപ്പ് നടപടികളിൽ ഉൾപ്പെടുത്തൂ. അല്ലാത്തപക്ഷം പരീക്ഷ വിലക്ക് ഉൾപ്പെടെ നടപടികൾ പി.എസ്.സി സ്വീകരിക്കും. ഇതുസംബന്ധിച്ച സാങ്കേതിക നിയമവശങ്ങൾ ഉദ്യോഗസ്ഥതലത്തിൽ പി.എസ്.സി പരിശോധിച്ച് വരുകയാണ്. അന്തിമതീരുമാനം വരുംദിവസങ്ങളിൽ ഉണ്ടാകും.