തന്റെ സേവനം വേണോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ" ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; നിലപാട് കടുപ്പിച്ച് കെ.മുരളീധരന്‍

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് കെ.മുരളീധരന്‍ രംഗത്തെത്തിയത്. തന്നെ…

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ എംപി. പാര്‍ട്ടി നേതൃത്വത്തെ പൊതുവേദിയില്‍ വിമര്‍ശിച്ചതിന് കെപിസിസി നേതൃത്വം കത്തയച്ചതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് കെ.മുരളീധരന്‍ രംഗത്തെത്തിയത്. തന്നെ അപമാനിക്കാനായി ബോധപൂര്‍വമാണ് നോട്ടിസ് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു.

തന്റെ സേവനം വേണോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും വായ മൂടിക്കെട്ടുന്നവര്‍ അതിന്റെ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. പ്രവര്‍ത്തകരോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രണ്ട് എംപിമാര്‍ക്ക് നോട്ടിസ് നല്‍കുന്നതു ഗുണകരമാണോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെ. നോട്ടിസ് അയയ്ക്കുന്നതിനു മുന്‍പ് കെപിസിസി അധ്യക്ഷന് തന്നോട് ഒന്ന് സംസാരിക്കാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

പ്രസ്താവനകള്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണു മുരളീധരന് കെപിസിസി അയച്ച കത്തിലുള്ളത്. കത്തു ലഭിച്ചതായി കെ.മുരളീധരന്‍ സ്ഥിരീകരിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തരുതെന്ന ജാഗ്രതാ നിര്‍ദേശമാണു കത്തിലുള്ളതെന്നും വിശദീകരണം ചോദിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കെ.മുരളീധരന്റെയും എം.കെ.രാഘവന്റെയും പരസ്യപ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് കെപിസിസി നേതൃത്വം എഐസിസിക്ക് കത്തു നല്‍കിയിരുന്നു. ഇതിനു പുറമെയാണ് ഇരുവര്‍ക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്തയച്ചത്.

ഒരാഴ്ച മുന്‍പ് കോഴിക്കോട്ട് പി.ശങ്കരന്‍ അനുസ്മരണ വേദിയില്‍ കെപിസിസി നേതൃത്വത്തിനെതിരെ രാഘവന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. രാഘവന്‍ പറഞ്ഞതു പ്രവര്‍ത്തകരുടെ വികാരമാണ് എന്ന പിന്തുണയുമായി അടുത്ത ദിവസം കെ.മുരളീധരനും രംഗത്തെത്തി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനു മുന്നോടിയായി 60 കെപിസിസി അംഗങ്ങളെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നാമനിര്‍ദേശം ചെയ്ത രീതിയിലുള്ള അതൃപ്തിയാണു പരസ്യമായ പൊട്ടിത്തെറിയിലേക്കു നീങ്ങിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story