വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുരളീധരനെയും രാഘവനെയും അവഗണിക്കാൻ പാടില്ലായിരുന്നു: അതൃപ്തിയോടെ എഐസിസി

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുരളീധരനെയും രാഘവനെയും അവഗണിക്കാൻ പാടില്ലായിരുന്നു: അതൃപ്തിയോടെ എഐസിസി

April 2, 2023 0 By Editor

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ എംപിമാർ അവഗണിക്കപ്പെട്ടതില്‍ എഐസിസിക്ക് കടുത്ത അതൃപ്തി. കെ.മുരളീധരനെയും എം.കെ.രാഘവനെയും മാറ്റി നിർത്തരുതായിരുന്നുവെന്നു സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോടു വ്യക്തമാക്കി.

കെപിസിസി നേതൃത്വം നിരന്തരം അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന എംപിമാരുടെ പരാതികളിൽ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് എഐസിസി. വൈക്കത്ത് മുരളീധരനെ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിലും, മലബാറിൽനിന്ന് നവോത്ഥാന യാത്ര നടത്താൻ എം.കെ.രാഘവനെ ചുമതലപ്പെടുത്താത്തതിലുമുള്ള അതൃപ്തി വേണുഗോപാൽ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തെക്കൻ മേഖലയിൽനിന്ന് യാത്രകൾ നയിച്ചത് മൂന്ന് എംപിമാരാണ്. മലബാറിൽ നിന്നുള്ള യാത്ര നയിച്ചത് എംഎൽഎയായ ടി.സിദ്ദീഖാണ്.

അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിറ്റിങ് എംപിയെ മാറ്റിനിർത്തരുതായിരുന്നു എന്നാണ് എഐസിസിയുടെ വിലയിരുത്തൽ. എഐസിസിയുടെ വിമർശനത്തിനു പിന്നാലെ കെപിസിസിക്കെതിരെ തുറന്നടിച്ച് എം.കെ.രാഘവനും രംഗത്തെത്തി. എംപിമാരുടെ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് ചേരും. ഇതിൽ പങ്കെടുക്കാൻ എത്തുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രശ്നപരിഹാരത്തിനു ശ്രമിക്കും എന്നാണ് റിപ്പോർട്ടുകൾ