ഇന്ത്യയിൽ ഭീകരാക്രമണ സാധ്യത: പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി കാനഡ

ന്യൂ‍ഡൽഹി∙ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേ‍ഡിയൻ പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽനിന്നു പിൻവലിച്ചതിനു പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലുടനീളം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്നുമാണ് നിർദേശം.

കാനഡയും ഇന്ത്യയും തമ്മിൽ അടുത്തിടെയുണ്ടായ സംഭവ വികസങ്ങളെത്തുടർന്ന് കാനഡയ്ക്കെതിരെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുവെന്ന് നിർദേശത്തിൽ പറയുന്നു. കാനഡയ്ക്കെതിരെ പ്രതിഷേധത്തിനും ആഹ്വാനം നടക്കുന്നുണ്ട്. കാനഡയ്ക്കെതിരെ പ്രകടനങ്ങൾ നടക്കാനും കാനഡക്കാർക്കെതിരെ അതിക്രമത്തിനും സാധ്യതയുണ്ട്. ഡൽഹിയിലും മറ്റും താമസിക്കുന്നവർ അപരിചിതരുമായി യാതൊരു വിവരവും പങ്കുവയ്ക്കരുത്. മുംബൈ, ചണ്ഡിഗഡ്, ബെംഗളൂരു എന്നീ നഗരങ്ങളിലെ കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. ഈ നഗരങ്ങളിൽ താമസിക്കുന്ന കാനഡക്കാർ ആവശ്യമെങ്കിൽ ഡൽഹിയിലെ ഹൈ കമ്മിഷൻ ഓഫിസുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യ–കാനഡ ബന്ധം വഷളായി. കാനഡക്കാർക്ക് ഇന്ത്യ വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ നിരോധിച്ചിരുന്നു. ഹർദീപ് സിങ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story