വന്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ അന്തർസംസ്ഥാന മോഷ്ടാക്കള്‍ മലപ്പുറത്ത് പിടിയില്‍
മലപ്പുറം: മലപ്പുറത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76,000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. അന്തർസംസ്ഥാന മോഷ്ടാക്കളായ മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ പുളിയമാടത്തില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (32), കളത്തോടന്‍ വീട്ടില്‍ അബ്ദുല്‍ കരീം (41) എന്നിവരാണ് കോട്ടക്കല്‍ പോലീസിന്റെ പിടിയിലായത്. പൂജാ അവധികളില്‍ മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്നതിനിടെ മഞ്ചേരിയില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. അവധി ആയതിനാല്‍ ആളില്ലാത്ത വീടുകള്‍ നോക്കി കവര്‍ച്ച നടത്താന്‍ ആസൂത്രണം ചെയ്യുന്നതിനിടെ മഞ്ചേരി മര്യാടുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 16-ന് കോട്ടക്കല്‍ മൂലപ്പറമ്പില്‍ വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവന്‍ സ്വര്‍ണവും 76,000 രൂപയും സ്‌കൂട്ടറും മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈ.എസ്.പി. അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ സി.ഐ. അശ്വത് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോട്ടക്കല്‍ മൂലപ്പറമ്പുള്ള പരാതിക്കാരന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് പ്രതികള്‍ മോഷണം നടത്തിയത്. തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി., സി.ഐ., ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചു.