നരഭോജി കടുവാപേടിയ്‌ക്കിടെ നാട്ടിലിറങ്ങി മറ്റ് വന്യജീവികളും; കോഴിക്കോട്ട് നാല് വയസുള്ള പുലിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വയനാട്ടിലെ നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ചുകൊല്ലാൻ ഉത്തരവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വീണ്ടും വന്യജീവികൾ നാട്ടിലിറങ്ങിയത് വാർത്തയാകുന്നു. കോഴിക്കോട് ജില്ലയിലെ മുത്തപ്പൻ പുഴയിൽ നാല് വയസുള്ള പുള്ളിപ്പുലിയെ ഇന്ന് ചത്തനിലയിൽ കണ്ടെത്തി. പുലർച്ചെ പാൽ സംഭരണത്തിന് പോയ ഓട്ടോക്കാരനാണ് നാല് വയസുള്ള പുലിയെ ചത്ത നിലയിൽ കണ്ടത്. മുത്തൻപുഴ മൈനവളവ് ഭാഗത്ത് റോഡരികിൽ തന്നെയാണ് ജഡം കണ്ടത്. ശരീരത്തിലാകെ മുള്ളുകൾ പതിച്ചിരുന്നതിനാൽ മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുലി ചത്തതെന്നാണ് നിഗമനം.
മാസങ്ങൾക്കിടെ ഈ ഭാഗത്ത് പുലിയുടെ ആക്രമണം ഉണ്ടായതായി പരാതിയുയർന്നിരുന്നു. ഇതിനിടെയാണ് ഇന്ന് പുലിയുടെ മൃതദേഹം കണ്ടത്. മുത്തപ്പുഴ-മറിപ്പുഴ പ്രദേശത്ത് രണ്ട് മാസം മുൻപ് ഒരു മൂരിക്കിടാവിനെ പുലി ആക്രമിച്ച് കൊന്നു. മാത്രമല്ല ഇവിടെ പലയിടത്തും നാട്ടുകാർ പുലിയെ കണ്ടിരുന്നു. എന്നാൽ ഇതിൽ അന്വേഷണം നടന്നിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
അതേസമയം പുല്ലരിയാൻ പോയ യുവാവിനെ കൊന്നു തിന്ന സംഭവത്തിൽ വയനാട്ടിലെ നരഭോജി കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ കഴിഞ്ഞദിവസം ഉത്തരവായിരുന്നു. ആവശ്യമെങ്കിൽ കൊല്ലാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാകേരി മൂടക്കൊല്ലി മരോട്ടി തടത്തിൽ പ്രജീഷാണ് (36) മരിച്ചത്.ശനിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ മൂടക്കൊല്ലിക്കടുത്ത് നാരായണപുരത്ത് കടുവ പാതി ഭക്ഷിച്ച നിലയിൽ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.