എന്തുകൊണ്ട് പോലീസ് രണ്ടുനീതി നടപ്പാക്കുന്നു; ‘മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര!’: ഷൂ ഏറിൽ പോലീസിനെ വിമർശിച്ച് കോടതി

കൊച്ചി∙ പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി…

കൊച്ചി∙ പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെ വിമർശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്ന് രൂക്ഷമായി വിമർശിച്ച് കോടതി പറഞ്ഞു. നാല് കെഎസ്‌യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇത്തരം പരാമർശം ഉണ്ടായത്.

പ്രതികൾക്കെതിരെ വധശ്രമക്കേസ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസിനു നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ 308ാം വകുപ്പ് ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിനുനേരെ ഷൂ എറിഞ്ഞാൽ അതിനകത്തേക്കു പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പു ചുമത്താൻ കഴിയുക. മാത്രമല്ല, അവിടെക്കൂടിയ നവകേരള സദസ്സിന്റെ സംഘാടകർ, ഡിവൈഎഫ്ഐക്കാർ ഉൾപ്പെടെ മർദ്ദിച്ചുവെന്നും പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. എങ്ങനെ രണ്ടുനീതി നടപ്പാക്കാൻ കഴിയുന്നുവെന്ന് പൊലീസിനോട് കോടതി ചോദിച്ചു

പൊതുസ്ഥലത്തുവച്ച് പ്രതികളെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ കോടതി കുറ്റപ്പെടുത്തി. ഇവരെ ആക്രമിച്ചവർ എവിടെയെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നൽകാൻ കോടതി നിർദേശിച്ചു. ഈ പൊലീസുകാർ ആരൊക്കെയെന്ന് പേര് ഉൾപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടു. പൊതുസ്ഥലത്തുവച്ച് ഇവരെ അകാരണമായി മർദ്ദിക്കുമ്പോൾ അവർക്കു സംരക്ഷണം നൽകേണ്ട ചുമതല പൊലീസിനില്ലേയെന്നും എന്തുകൊണ്ട് പൊലീസ് രണ്ടുനീതി നടപ്പാക്കുന്നുവെന്നും കോടതി ചോദിച്ചു. പൊലീസ് ഇങ്ങനെ ചെയ്യുന്നത് നീതികേടാണെന്നും നീതി എല്ലാവർക്കും കിട്ടാനുള്ളതാണെന്നും കോടതി പറഞ്ഞു. പ്രതികളുടെ പരാതി ലഭിച്ചശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story