ബിൽക്കീസ് ബാനോ കേസ്: ഗുജറാത്ത് സർക്കാരിന് തിരിച്ചടി; 11 പ്രതികളെയും വിട്ടയച്ചത് റദ്ദാക്കി

ന്യൂഡൽഹി: ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ്…

ന്യൂഡൽഹി: ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.

പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബിൽക്കീസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ പ്രതികാര നടപടി അല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. ശിക്ഷാ നടപടി ഒരു മരുന്നാണ്. ഒരു കുറ്റവാളിക്ക് മാറ്റമുണ്ടാകണം എങ്കിൽ അയാൾക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിച്ചത്. എന്നാല്‍ ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു പ്രതിക്ക് ഇളവ് നല്‍കാവുന്നത് പരിശോധിക്കാനുള്ള സുപ്രീകോടതിയുടെ തന്നെ മുന്‍ ഉത്തരവിനോടും ബെഞ്ച് വിയോജിച്ചു. കുറ്റകൃത്യം നടന്ന സ്ഥലമോ ജയിലിൽ വാസം അനുഭവിച്ച സ്ഥലമോ ഏത് എന്നത് ഇളവ് നല്‍കാന്‍ കാരണമല്ല. ഗുജറാത്ത് സര്‍ക്കാരിന് ഇളവ് നല്‍കാമെന്ന് ഒരു പ്രതിയുടെ കേസില്‍ സുപ്രീംകോടതി വിധിച്ചത് ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനോയെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണു വാദം കേട്ടത്. ശിക്ഷാ ഇളവു നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്.

ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനൽകി വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു.

മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് ഇവരെ ശിക്ഷിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് കോടതി നിർദേശിച്ചു. തുടർന്ന് പഞ്ചമഹൽസ് കലക്ടർ സുജാൽ മായാത്രയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ തീരുമാനം.

ബിൽക്കിസ് ബാനു 5 മാസം ഗർഭിണിയായിരിക്കെയാണ് കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാർച്ച് 3ന് അക്രമികൾ ഇവരെ കണ്ടെത്തുകയും 7 പേരെ കൊലപ്പെടുത്തുകയും ബിൽക്കിസ് ബാനുവിനെ പീഡിപ്പിക്കുകയും ചെയ്തു. ബാനുവിനൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയതിനും അവൾ സാക്ഷിയായി. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story