സ്കൂളിലേക്കുള്ള വഴിയിൽ അഞ്ചു വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു

സ്കൂളിലേക്കുള്ള വഴിയിൽ അഞ്ചു വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു

March 12, 2024 0 By Editor

മണ്ണാർക്കാട് (പാലക്കാട്): സ്കൂളിലേക്കു പോകുന്നതിനിടെ അഞ്ചു വയസ്സുകാരനു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. വിയ്യക്കുറുശ്ശി പച്ചക്കാട് കൂനൽ ഉണ്ണിക്കൃഷ്ണന്റെയും സജിതയുടെയും മകൻ ആദിത്യനെയാണു കാട്ടുപന്നി ആക്രമിച്ചത്. പരുക്കേറ്റ കുട്ടിയെ ഒപ്പമുണ്ടായിരുന്ന ചെറിയമ്മയും ഓടിയെത്തിയ അധ്യാപകരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.

വിയ്യക്കുർശ്ശി ജിഎൽപി സ്കൂൾ പ്രീപ്രൈമറി വിദ്യാർഥിയായ ആദിത്യൻ പത്തുമണിയോടെ ചെറിയമ്മ പ്രജീഷയ്ക്കും സഹോദരൻ അനിരുദ്ധിനുമൊപ്പം സ്കൂളിലേക്കു പോകുമ്പോഴാണു സംഭവം. കുട്ടികളുടെ ഇടയിലേക്കു കാട്ടുപന്നി ചാടിയതോടെ ആദിത്യൻ സമീപത്തെ കല്ലിലേക്കു തെറിച്ചുവീണു തലയിലും കയ്യിലും പരുക്കേറ്റു.

പന്നിയുടെ തേറ്റ തട്ടി ആദിത്യന്റെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. കുറ്റിക്കാട്ടിലേക്കു വീണതിനാൽ അനിരുദ്ധിനു കാര്യമായ പരുക്കില്ല. കുട്ടികളുടെയും പ്രജീഷയുടെയും നിലവിളി കേട്ടെത്തിയ അധ്യാപകൻ ടി.സി.രാജേഷിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിക്കു പ്രഥമശുശ്രൂഷ നൽകി. സ്കൂളിലേക്കുള്ള വഴിയിൽ നാലേക്കറോളം സ്ഥലം കാടുമൂടിക്കിടക്കുകയാണ്. കാട്ടുപന്നികളെയും പാമ്പുകളെയും ഭയന്നു കുട്ടികളെ രക്ഷിതാക്കൾ സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടുവരികയുമാണു പതിവ്.

റേഞ്ച് ഓഫിസർ എൻ.സുബൈറിന്റെ നേതൃത്വത്തിൽ വനപാലകർ താലൂക്ക് ആശുപത്രിയിൽ ആദിത്യനെ സന്ദർശിച്ചു. പ്രദേശത്തെ കാടു വെട്ടണമെന്നു പഞ്ചായത്ത് അധികൃതരോടു നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ലെന്നു പരിസരവാസികളും കുട്ടിയുടെ ബന്ധുക്കളും ആരോപിച്ചു.