'കേബിളെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു; ബെൽറ്റ് വച്ച് അടിച്ചു':‘താൻ പറഞ്ഞതെല്ലാം നുണ, : പന്തീരാങ്കാവ് കേസിൽ യുവതിയുടെ വെളിപ്പെടുത്തൽ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയായ യുവതി. സമൂഹമാധ്യമത്തിലാണ് യുവതി ‍ഭർത്താവ് രാഹുൽ പി.ഗോപാലിനെ പിന്തുണച്ച് വിഡിയോയുമായി രംഗത്തെത്തിയത്. രാഹുൽ നിരപരാധിയാണെന്നും താൻ മുൻപ് പറഞ്ഞതു കളവാണെന്നുമാണു പരാതിക്കാരി പറയുന്നത്. ഏറെ വിവാദമുണ്ടാക്കിയ കേസ് ഇതോടെ പുതിയ വഴിത്തിരിവിലെത്തി. കുറ്റബോധമുണ്ടെന്ന് പറഞ്ഞാണ് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചത്.

‘‘മനസ്സിൽ കുറ്റബോധമുണ്ട്. മാധ്യമങ്ങൾക്ക് മുന്നിലും പൊലീസിന് മുന്നിലും കുറേയധികം നുണകൾ പറഞ്ഞു. എന്നെ അത്രയേറെ സ്നേഹിച്ച ഭർത്താവ് രാഹുലിനെക്കുറിച്ച് വളരെ മോശമായി പറഞ്ഞതിൽ വിഷമമുണ്ട്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. തെറ്റായ ആരോപണങ്ങൾ രാഹുലിനെതിരെ ഉന്നയിച്ചു. എന്റെ മാത്രം തെറ്റാണത്. ഇതിനൊന്നും താൽപര്യമില്ലെന്ന് പലപ്പോഴും കുടുംബത്തോട് പറഞ്ഞിരുന്നു.

സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞു മർദിച്ചെന്നു പറയണമെന്നു കുടുംബക്കാർ നിർബന്ധിച്ചു. ബെൽറ്റ് വച്ച് അടിച്ചു, ചാർജറിന്റെ കേബിൾ വച്ച് കഴുത്തു മുറുക്കി എന്നു പറഞ്ഞതും തെറ്റായ ആരോപണമാണ്. ആരുടെ കൂടെ നിൽക്കണമെന്ന് അറിയില്ലായിരുന്നു. മാതാപിതാക്കളുടെ കൂടെ നിൽക്കണമെന്നാണ് ആ സമയത്ത് തോന്നിയത്. എന്നെ ഒരുപാട് ബ്രെയിൻവാഷ് ചെയ്തു. ആത്മഹത്യ ചെയ്യുമെന്ന് അവർ പറഞ്ഞു. ഇതെല്ലാം കേട്ട് ഒരുപാട് പേടിച്ചു. മനസ്സില്ലാ മനസ്സോടെ മാധ്യമങ്ങളുടെ മുന്നിൽ വന്ന് രാഹുലിനെക്കുറിച്ച് കുറെയധികം നുണകൾ പറയേണ്ടി വന്നു. രാഹുലിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്’’ – യുവതി പറഞ്ഞു.

‘‘ഞങ്ങളുടെ കല്യാണത്തിനു മുൻപുതന്നെ മറ്റൊരു വിവാഹം റജിസ്റ്റർ ചെയ്ത കാര്യം രാഹുൽ പറഞ്ഞിരുന്നു. ഫൊട്ടോഗ്രഫിയുമായി ബന്ധപ്പെട്ടാണ് അതു മുടങ്ങിയത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുകയാണെന്നും ഉടൻ വിവാഹമോചനം ലഭിക്കുമെന്നും രാഹുൽ പറഞ്ഞു. എന്നാൽ, ഞങ്ങളുടെ വിവാഹത്തിന് മുൻപ് വിവാഹമോചനം ലഭിച്ചില്ല. അതിനാൽ ഈ വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് രാഹുൽ വ്യക്തമാക്കി. എന്നാൽ ഞാനാണ് രാഹുലിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചത്. ആദ്യ വിവാഹത്തെക്കുറിച്ച് എന്റെ അച്ഛനോടും അമ്മയോടും പറയണമെന്നും രാഹുൽ പറഞ്ഞു. എന്നാൽ രാഹുലുമായുള്ള വിവാഹം മുടങ്ങുമോ എന്ന് പേടിച്ച് ഇക്കാര്യം വീട്ടുകാരോട് പറഞ്ഞില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്.

മേയ് അഞ്ചിനായിരുന്നു വിവാഹം. കല്യാണത്തിന്റെ ഒരു ഘട്ടത്തിലും സ്ത്രീധനം ചോദിച്ചിട്ടില്ല. വക്കീൽ പറഞ്ഞിട്ടാണ് 150 പവൻ സ്വര്‍ണത്തിന്റെയും കാറിന്റെയും കാര്യം പറഞ്ഞത്. കല്യാണത്തിന്റെ ചെലവ് മിക്കതും രാഹുലാണ് നടത്തിയത്. എന്റെ എല്ലാ വസ്ത്രങ്ങളും രാഹുലാണ് വാങ്ങിയത്. രാഹുൽ എന്നെ തല്ലിയത് ശരിയാണ്. അന്നു തര്‍ക്കമുണ്ടായിരുന്നു. അതിന്റെ പേരിലാണ് തല്ലിയത്. 2 തവണ തല്ലി. അന്ന് ഞാൻ ബാത്ത്‌റൂമിൽ പോയി കരഞ്ഞു. അവിടെ വച്ചു വീണു. തലയിടിച്ചു വീണാണു മുഴ വന്നത്. അന്നുതന്നെ ആശുപത്രിയിൽ പോയി. കാര്യങ്ങളെല്ലാം ഡോക്ടറോട് സംസാരിച്ചു. മാട്രിമോണി സൈറ്റിൽ അക്കൗണ്ട് ഉണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട ഒരാളുമായി സംസാരിച്ചതാണു തര്‍ക്കത്തിനു കാരണം. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്’’– യുവതി വിശദീകരിച്ചു.

‘‘അടി നടന്നതിന്റെ അടുത്ത ദിവസമാണ് അടുക്കള കാണൽ ചടങ്ങിന് എന്റെ വീട്ടിൽനിന്ന് 26 പേര്‍ വന്നത്. അപ്പോഴേക്കും ഞങ്ങൾ പ്രശ്നങ്ങൾ പറഞ്ഞുതീര്‍ത്തിരുന്നു. മുഖത്ത് അടിയേറ്റ പാട് കണ്ട് വീട്ടുകാര്‍ക്ക് സംശയം തോന്നി. വീട്ടുകാര്‍ തുടരെ ചോദിച്ചപ്പോൾ അടിച്ചെന്ന് പറഞ്ഞു. അന്ന് തന്നെ വീട്ടുകാര്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. ബലംപ്രയോഗിച്ചാണു കൊണ്ടുപോയത്. പൊലീസ് സ്റ്റേഷനിൽ പോയി വീട്ടുകാര്‍ പരാതി നൽകി. പൊലീസുകാരനോട് രാഹുലേട്ടന്റെ കൂടെ തിരികെ പോകണം എന്നാണ് പറഞ്ഞത്’’– യുവതി വ്യക്തമാക്കി.

കേസെടുത്തതിനു പിന്നാലെ രാഹുൽ ജർമനിക്ക് കടന്നിരുന്നു. ഇയാളുടെ അമ്മയ്ക്കും സഹോദരിക്കും എതിരെയും കേസുണ്ട്. ഇതുമായി ബന്ധപ്പെട്ടു സിഐ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story