കുവൈത്ത് ദുരന്തം: മരിച്ചവരിൽ ചങ്ങനാശേരി, പെരിന്തൽമണ്ണ സ്വദേശികൾ
തെക്കൻ കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 14 മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി.ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.
പത്തനംതിട്ട -4, കൊല്ലം - 3, കാസർകോട്, മലപ്പുറം, കോട്ടയം –2 വീതം, കണ്ണൂർ -1 എന്നിങ്ങനെയാണ് മരിച്ചവരുടെ കണക്ക്. കാസർകോട് തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു(29), പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്.നായർ, കൊല്ലം സ്വദേശി ഷമീർ ഉമറുദ്ദീൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു–48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂൺ അഞ്ചിനാണ് ജോലിക്കായി കുവൈത്തിലെത്തിയത്. മുന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന മരക്കാടത്ത് പറമ്പില്‍ വേലായുധന്‍റെ മകനാണ് ബാഹുലേയന്‍. 5 വർഷത്തോളമായി ഇദ്ദേഹം കുവൈത്തിലാണ്.
മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. ഇന്നലെ(ബുധൻ) പുലർച്ച നാലരയോടെയുണ്ടായ ദുരന്തത്തിൽ ആകെ 49 പേരാണ് മരിച്ചത്. ചികിത്സയിയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് കെട്ടിട, കമ്പനി ഉടമകൾ, ഇൗജിപ്ഷ്യൻ സ്വദേശിയായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.