മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശ വാദവുമായി ഹിന്ദുത്വ നേതാവ്

മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശ വാദവുമായി ഹിന്ദുത്വ നേതാവ്

June 23, 2024 0 By Editor

ഭോപ്പാല്‍: സരസ്വതി ദേവിയുടെ ക്ഷേത്രമെന്ന് ഹിന്ദുക്കള്‍ അവകാശപ്പെടുന്ന മധ്യപ്രദേശിലെ ദറിലെ ഭോജ്‍ശാല കമല്‍ മൗലാ മസ്ജിദ് സമുച്ചയത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശവാദവുമായി ഹിന്ദുത്വ നേതാവ് രംഗത്ത്. കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ സര്‍വേയിലാണ് ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെടുത്തെന്ന അവകാശ വാദം.

ശാസ്ത്രീയ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്മെന്റിനോട് മധ്യപ്രദേശ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച സര്‍വേയുടെ 93ാം ദിവസമായിരുന്നു. ‘മൂന്ന് ദിവസം മുന്‍പ് ഭോജ്‍ശാലയില്‍ നിന്ന് ശ്രീകൃഷ്ണന്റെ വിഗ്രഹം കണ്ടെത്തിയിരുന്നു. അതേ സ്ഥലത്ത് തന്നെ കല്ലുകൊണ്ട് നിര്‍മിച്ച വാസുകി നാഗത്തിന്റെ വിഗ്രഹം ഇപ്പോള്‍ കണ്ടെത്തി. അതോടൊപ്പം മഹാദേവന്റെ വിഗ്രഹം ഉള്‍പ്പെടെ സനാതന ധര്‍മവുമായി ബന്ധപ്പെട്ട ഒമ്പത് അവശിഷ്ടങ്ങള്‍ അവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്,’ ഭോജ്‍ശാല മുക്തിയാഗ കണ്‍വീനര്‍ ഗോപാല്‍ ശര്‍മ പറഞ്ഞു.

എന്നാല്‍ അവ സമീപ പ്രദേശത്തുള്ള കുടിലില്‍ നിന്ന് കൊണ്ടുവെച്ചതാണെന്നും ഭോജ്‍ശാലയില്‍ നിന്ന് കിട്ടിയതല്ലെന്നും മുസ്‍ലിം വിഭാഗം പ്രതികരിച്ചു. ”പഴയ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിച്ച കുടില്‍ നിര്‍മിച്ച സമയത്ത് കണ്ടെത്തിയതാണ് ഈ ശിലാ ഉരുപ്പടികള്‍”- കമാല്‍ മൗലാ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് അബ്ദുള്‍ സമദ് ചൂണ്ടിക്കാട്ടി. ഭോജ്‍ശാലയില്‍ നിന്ന് ലഭിച്ച വസ്തുക്കളില്‍ സംശയമുണ്ടെന്നും അവ സര്‍വേയുടെ ഭാഗമാക്കരുതെന്നും സമദ് പറഞ്ഞു.

ഞങ്ങള്‍ക്ക് സംശയമുണ്ട്. കുടില്‍ നിര്‍മിക്കുന്ന സമയത്ത് വലിച്ചെറിയപ്പെട്ട വസ്തുക്കള്‍ ഇപ്പോള്‍ എവിടെ നിന്നാണവര്‍ കൊണ്ടുവന്നത്? ഇവ സര്‍വേയില്‍ ചേര്‍ക്കാന്‍ പാടില്ല. ഞങ്ങള്‍ സര്‍വേയെ എതിര്‍ക്കുന്നു. ഇത് രാഷ്ട്രീയക്കാരും ഹിന്ദുത്വവാദികളും തമ്മിലുള്ള കള്ളക്കളിയാണ്,’ സമദ് പറഞ്ഞു.

2003ല്‍ വന്ന ഒരു ഉത്തരവിന് പിന്നാലെ ഇവിടെ ചൊവ്വാഴ്ചകളില്‍ ഹിന്ദു മത വിശ്വാസികള്‍ പൂജയും വെള്ളിയാഴ്ചകളില്‍ മുസ്‍ലിങ്ങള്‍ നിസ്‌കാരവും നടത്താറുണ്ട്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam