‘ട്രെയിനിൽ പോയെന്ന് തെറ്റിദ്ധരിപ്പിക്കാൻ ​റെയിൽവെ സ്റ്റേഷനിൽ കാർ വെച്ചു, ബസ് യാത്രക്കിടെ കുന്നംകുളത്ത് നിന്ന് പിടികൂടി’ -മുക്കം ഹോട്ടൽ പീഡനത്തിൽ പ്രതി​യെ പിടികൂടിയത് വിവരിച്ച് പൊലീസ്

‘ട്രെയിനിൽ പോയെന്ന് തെറ്റിദ്ധരിപ്പിക്കാൻ ​റെയിൽവെ സ്റ്റേഷനിൽ കാർ വെച്ചു, ബസ് യാത്രക്കിടെ കുന്നംകുളത്ത് നിന്ന് പിടികൂടി’ – മുക്കത്തെ പീഡനത്തിൽ പ്രതി​യെ പിടികൂടിയത് ഇങ്ങനെ..!

February 5, 2025 0 By Editor

മുക്കം: മുക്കം മാമ്പറ്റയിൽ ‘സ​ങ്കേതം’ ഹോട്ടൽ ജീവനക്കാരിയെ താമസസ്ഥലത്തുവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടലുടമ ദേവദാസ് തങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ്. ഇന്നലെ കോഴിക്കോട് നിന്ന് മുങ്ങാൻ ശ്രമിച്ച ഇയാളെ കുന്നംകുളത്ത് വെച്ച് ബസ്‍യാത്രക്കിടെയാണ് പൊലീസ് പിടികൂടിയത്.

ട്രെയിനിൽ പോയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കാർ നിർത്തിയാണ് ദേവദാസ് ബസ്സിൽ യാത്ര തിരിച്ചതെന്ന് താമരശ്ശേരി ഡി.വൈ.എസ്.പി എ.പി. ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഇയാൾ ബസിൽ പോയതായി തിരിച്ചറിഞ്ഞു. തുടർന്ന് ബസ് കണ്ടെത്തി കണ്ടക്ടറുമായി ബന്ധപ്പെട്ട് ദേവദാസ് തന്നെയാണ് ബസിലുള്ളതെന്ന് സ്ഥിരീകരിച്ചു. തൃശൂർ കുന്നംകുളത്ത് ബസ് എത്തിയപ്പോൾ സ്ഥലംപൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

കൂട്ടുപ്രതികളും ഇയാളുടെ സുഹൃത്തുക്കളുമായ റിയാസ്, സുരേഷ് എന്നിവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേസമയം, സംഘത്തിന്റെ പീഡനശ്രമത്തിൽനിന്ന് രക്ഷപ്പെടാൻ കെട്ടിടത്തിൽനിന്ന് ചാടിയ യുവതി ഇടുപ്പെല്ല് പൊട്ടി സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപിച്ച് പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെയാണ് ദേവദാസിനെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടും പൊലീസ് മുഴുവൻ പ്രതികളെയും പിടികൂടാത്തത് പ്രതിഷേധത്തിനും സംശയങ്ങൾക്കും ഇടനൽകിയിരുന്നു. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി കേസ് ദുർബലപ്പെടുത്താനും മുൻകൂർ ജാമ്യം ലഭിക്കുന്നതിനും അണിയറ നീക്കം നടക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.

പ്രതികൾ മൂന്നുപേരും യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ഉപദ്രവിക്കാൻ ശ്രമിച്ച​പ്പോൾ പ്രാണരക്ഷാർഥമാണ് യുവതി കെട്ടിടത്തിൽനിന്ന് ചാടിയത്. മൂന്നു മാസം മുമ്പാണ് യുവതി ഹോട്ടലിൽ ജോലിക്ക് കയറിയത്. ഹോട്ടൽ ഉടമ ദേവദാസ് ആദ്യം യുവതിയുടെ പിന്നാലെ പ്രലോഭനങ്ങളുമായി നടക്കുകയും വഴങ്ങാതെവന്നതോടെ ബലപ്രയോഗത്തിന് മുതിരുകയായിരുന്നുവെന്നും ഫോണിലേക്ക് മോശം സന്ദേശങ്ങൾ അയച്ചിരുന്നതായും ബന്ധു പറഞ്ഞു

സംഭവത്തിൽ വീഡിയോദൃശ്യങ്ങൾ അടക്കം കൂടുതൽ തെളിവുകൾ യുവതിയുടെ കുടുംബം ഇന്നലെ പുറത്തുവിട്ടിരുന്നു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്റെ ദൃശ്യവും സംഭാഷണവുമാണ് പുറത്തുവിട്ടത്. യുവതിയോട് ബഹളം ഉണ്ടാക്കരുതെന്ന് സംഘം പറയുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും കുടുംബം പറഞ്ഞു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിൽനിന്ന് കണ്ണൂർ സ്വദേശിനിയായ യുവതി ചാടിയത്. ഈ വീടിന് 50 മീറ്റർ മാറിയാണ് സ​ങ്കേതം ഹോട്ടൽ. ഹോട്ടൽ ഉടമയും മറ്റു രണ്ടുപേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

അതിനിടെ, സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28ന് കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വനിത കമീഷനും അടിയന്തര റിപ്പോർട്ട് തേടി. അടിയന്തര റിപ്പോർട്ട് നൽകാൻ കോഴിക്കോട് ജില്ല റൂറൽ എസ്.പിയോടാണ് വനിത കമീഷൻ ആവശ്യപ്പെട്ടത്.