മൈസൂരുവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം;  മാനന്തവാടി സ്വദേശിനിയായ റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

മൈസൂരുവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; മാനന്തവാടി സ്വദേശിനിയായ റിയാലിറ്റി ഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

February 7, 2025 0 By Editor

മാനന്തവാടി∙ മൈസൂരുവി‌ൽ വച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക മരിച്ചു. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് പ്രാഥമിക വിവരം.

തുടർന്ന് ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മാനന്തവാടിയിൽ  എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിൽ കഴിയുകയാണ്. മകൾ: എലൈന എഡ്വിഗ ജോബിൻ.