
ഒന്‍പത് വയസ്സുകാരിയെ കോമയിലാക്കിയ കാറപകടം; പ്രതി ‘2 ദിവസം പോലും ജയിലിൽ കിടന്നില്ല, ജീവന് വിലയില്ലാതായി; സർക്കാർ ചെലവിൽ ഷെജിൽ’- ദൃഷാനയുടെ അമ്മ സ്മിത
February 12, 2025കോഴിക്കോട് ∙ വടകര ചേറോട്ടെ വാഹനാപകട കേസിലെ പ്രതി ഷെജിലിനു ജാമ്യം കിട്ടിയതു നിരാശാജനകമാണെന്ന് അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയുടെ അമ്മ സ്മിത. പ്രതി റിമാൻഡിൽ പോകുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഷെജിൽ സർക്കാർ ചെലവിൽ വടകര എത്തി ജാമ്യത്തിൽ വീട്ടിൽ പോയി. മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയത്. സംഭവത്തെ നിസ്സാര കേസാക്കി മാറ്റി.
പ്രതിക്ക് രണ്ടു ദിവസം പോലും ജയിലിൽ കിടക്കേണ്ടി വന്നില്ല. ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയാണുണ്ടായത്. ജീവന് യാതൊരു വിലയുമില്ലാതായി. വാഹനാപകടത്തിൽ ഗൾഫ് രാജ്യങ്ങളിലേതു പോലെയുള്ള ശിക്ഷ ഇവിടെയും വരണം. കുട്ടിയുടെ ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്മിത മാധ്യമങ്ങളോടു പറഞ്ഞു.
വടകരയിൽ കാറിച്ച് 9 വയസ്സുകാരി ദൃഷാന അബോധാവസ്ഥയിലാകുകയും മുത്തശ്ശി ബേബി മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതി പുറമേരി മീത്തലെ പുനത്തിൽ ഷെജിലിന് ഇന്നലെയാണു കോടതി ജാമ്യം അനുവദിച്ചത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ദുബായിൽനിന്നു കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഷെജിലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് കേരള പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണു റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും കാർ ഇടിച്ചത്. സുധീർ–സ്മിത ദമ്പതികളുടെ മകളാണു ദൃഷാന. സംഭവത്തിനു പിന്നാലെ പ്രതി വാഹനം നിർത്താതെ പോയി. പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തു വിദേശത്തേക്കു കടന്നു. ഒരുവർഷമായി അബോധാവസ്ഥയിൽ തുടരുന്ന ദൃഷാനയ്ക്കു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് ചികിത്സ. ഇപ്പോൾ മെഡിക്കൽ കോളജ്–കാരന്തൂർ റോഡിൽ കൊളായിത്താഴം എൽപി സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുകയാണ്.
adakara-accident-shejil-punathil-granted-bail