സൗജന്യം കൂടുന്നത് ആളുകളെ മടിയന്മാരാക്കുന്നു ; സുപ്രീംകോടതി – supreme court criticizes freebies offered

സൗജന്യം കൂടുന്നത് ആളുകളെ മടിയന്മാരാക്കുന്നു ; സുപ്രീംകോടതി

February 13, 2025 0 By Editor

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രിയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും ആളുകളെ മടിയന്മാരാക്കുന്നുവെന്ന് വിലയിരുത്തി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായി, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

നഗരപ്രദേശങ്ങളില്‍ കഴിയുന്ന വീടില്ലാത്ത ആളുകള്‍ക്ക് അഭയം നല്‍കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

സൗജന്യങ്ങള്‍ നല്‍കി ആളുകളെ മടിയന്മാരാക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഒരു ജോലിയും ചെയ്യാതെ പണം കൈകളില്‍ എത്തുകയും സൗജന്യ റേഷന്‍ നല്‍കുകയും ചെയ്യുന്നതിലൂടെ ജനങ്ങളെ കൂടുതല്‍ മടിയന്മാരാക്കുകയാണ് ചെയ്യുന്നതെന്നാണ് ജസ്റ്റിസ് ഗവായി പറഞ്ഞു. നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ക്ക് പാര്‍പ്പിടം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവിധ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി കോടതിയെ അറിയിച്ചത്.

നഗര ദാരിദ്ര്യ നിര്‍മാര്‍ജന ദൗത്യം എത്ര സമയത്തിനകം നടപ്പാക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് ആറ് ആഴ്ച കഴിഞ്ഞ് പരിഗണിക്കും.