നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറി; പരാക്രമം കാണിച്ച് യുവാവ് | Neyyattinkkara Gopan

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് വാദം ; പരാക്രമം കാണിച്ച് യുവാവ്

February 17, 2025 0 By Editor

തിരുവനന്തപുരം: ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.

ആക്രമത്തിനിടയിൽ ഇയാൾ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാ​ദങ്ങൾക്ക വഴിവെച്ചിരുന്നു. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപന്റെ മൃതശരീരം പിന്നീട് സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു.