മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

February 24, 2025 0 By eveningkerala

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.

മാർപാപ്പ ബോധവാനാണെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ നൽകി വരുന്നതായി വത്തിക്കാൻ അറിയിച്ചു. രോ​ഗം വൃക്കകളുടെ പ്രവർത്തനത്തെ നേരിയ രീതിയിൽ ബാധിച്ചു.

ആശുപത്രി മുറിയിൽ ഇരുന്ന് പോപ്പ് ഞായറാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തു. ലോകമെങ്ങും തനിക്കായി പ്രാർത്ഥിക്കുന്നവരോട് പോപ്പ് നന്ദി പറഞ്ഞു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.