
‘ട്രാൻസ്ജെൻഡറുടെ പരാതിയിൽ പൊലീസ് കേസെടുക്കാത്തത് തെറ്റ്’; മനുഷ്യാവകാശ കമീഷൻ
March 2, 2025തിരുവനന്തപുരം: വീട് നിർമിക്കാൻ ട്രാൻസ്ജെൻഡർ ഇറക്കിവെച്ച ഒരു ലോഡ് കരിങ്കല്ലും 150 താബൂക്കും 100 ചുടുകല്ലും അയൽവാസികൾ കടത്തികൊണ്ടുപോയിട്ടും കേസെടുക്കാൻ വിസമ്മതിച്ച പൊലീസിന്റെ നടപടി നിയമവാഴ്ചയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നതിനാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരാതിക്കാരിക്ക് നിർദേശം നൽകി.
ആരും സഹായിക്കാനില്ലാത്ത സാമ്പത്തികവും സാമൂഹികവുമായി പ്രയാസപ്പെടുന്ന ട്രാൻസ്ജെൻഡർ കിളിമാനൂർ കാനാറ സ്വദേശി ഇന്ദിരക്ക് സ്വകാര്യ അന്യായം ഫയൽ ചെയ്യാൻ തിരുവനന്തപുരം ജില്ല ലീഗൽ സർവിസ് അതോറിറ്റി നിയമസഹായം നൽകണമെന്ന് കമീഷൻ ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയുടെ മെംബർ സെക്രട്ടറിയായ സബ് ജഡ്ജിന് നിർദേശം നൽകി.
പരാതിയിൽ 2024 ഡിസംബർ ആറിന് കമീഷൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് വേണ്ടി ഹാജരായ കിളിമാനൂർ എസ്.എച്ച്.ഒ.യെ കമീഷൻ നേരിൽ കേട്ടു. പരാതിക്കാരിയുടെ കരിങ്കല്ലോ മറ്റ് സാധനങ്ങളോ കടത്തികൊണ്ടു പോയതായി അന്വേഷണത്തിൽ തെളിഞ്ഞില്ലെന്നും ആരോപണത്തിന് കാരണമായ വഴിതർക്കം സിവിൽ കോടതി വഴി പരിഹരിക്കേണ്ട വിഷയമാണെന്നും കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ കമീഷനെ അറിയിച്ചു.
എന്നാൽ ഡിവൈ.എസ്.പി കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ 2023 മേയ് 27ന് പരാതിക്കാരി ഇറക്കിയ സാധനസാമഗ്രികൾ അയൽവാസികൾ ലോറിയിൽ കടത്തികൊണ്ടു പോയതായി ഒരു സാക്ഷിമൊഴി ലഭിച്ചിട്ടുണ്ട്. ഇതിൽനിന്ന് പരാതിയിൽ കഴമ്പുണ്ടെന്നും ശരിയായ അന്വേഷണം നടക്കേണ്ടതായിരുന്നുവെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. വിപരീതമൊഴികൾ മാത്രം കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതായി കമീഷൻ കണ്ടെത്തി. ഭരണഘടനയുടെ 14-ാം അനുച്ഛേദം പ്രകാരം എല്ലാ വ്യക്തികൾക്കും ലഭിക്കുന്ന എല്ല അവകാശങ്ങൾക്കും ട്രാൻസ്ജെൻഡർമാർക്കും അർഹതയുള്ളതായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. കേസെടുക്കാത്തത് പൊലീസ് സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.