
തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം: ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു; ഒഴിവായത് വൻ ദുരന്തം
March 6, 2025തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് വിവരം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. തൃശൂർ റയിൽവെ സ്റ്റേഷന് സമീപത്താണ് ഇരുമ്പ് തൂൺ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ 4.55 നാണ് സംഭവം. ഈ സമയം ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. ഇതോടെ ഒഴിവായത് വൻ ദുരന്തമാണ്.
തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് ഇരുമ്പ് തൂണ് കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്.
അതേസമയം കഴിഞ്ഞ മാസം കൊല്ലം കുണ്ടറയിലും ട്രെയിൻ അട്ടിമറി ശ്രമം നടത്തിയിരുന്നു. നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് കണ്ടെത്തിയത്.
ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ആറുമുറിക്കടയിൽ ദേശീയപാതയുടെ സമീപത്ത് നിന്ന് ടെലിഫോൺ തൂൺ എടുത്ത് ഇവർ ട്രാക്കിൽ ഇടുകയായിരുന്നു. ടെലിഫോൺ തൂണിന്റെ കാസ്റ്റ് അയൺ എടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു പ്രതികളുടെ മൊഴി. ട്രെയിൻ ഇടിക്കുമ്പോൾ കാസ്റ്റ് അയൺ വേർപെടും എന്നാണ് പ്രതികൾ പറഞ്ഞത്. ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് ടെലിഫോൺ തൂൺ റെയിൽപ്പാളത്തിൽ വെച്ചതെന്നാണ് എഫ്ഐആർ.