ഹോളിയും റമസാനിലെ രണ്ടാം വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയതോടെ ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ ;  നിറങ്ങള്‍ പതിക്കാതിരിക്കാൻ പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച് യോഗി സര്‍ക്കാര്‍

ഹോളിയും റമസാനിലെ രണ്ടാം വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയതോടെ ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ ; നിറങ്ങള്‍ പതിക്കാതിരിക്കാൻ പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച് യോഗി സര്‍ക്കാര്‍

March 14, 2025 0 By eveningkerala

ഹോളിയും റമസാനിലെ രണ്ടാം വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയതോടെ ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷ. ഉത്തര്‍പ്രദേശിലെ സംഭലില്‍ ഹോളി ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചു. ഡല്‍ഹിയില്‍ 100 ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളും ജാഗ്രതയിലാണ്

വെള്ളിയാഴ്ച പ്രാര്‍ഥനയും ഹോളി ആഘോഷവും ഒരുമിച്ചാവുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ടാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. സമീപകാലത്ത് ആരാധനാലയത്തെ ചൊല്ലി തര്‍ക്കമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭലില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.  ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ 10 പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചു. പള്ളികള്‍ക്കുമേല്‍ നിറങ്ങള്‍ പതിക്കാതിരിക്കാനാണ്  മുന്‍കരുതല്‍. നോയിഡയില്‍ പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.

അയോധ്യയും കനത്ത സുരക്ഷാവലയത്തിലാണ്. മുംബൈയില്‍ 11,000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ റിസര്‍വ് പൊലീസിനെയും ദ്രുതകര്‍മസേനയെയും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. റോഡുകളില്‍ പരിശോധന വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ ദില്‍ഷാദ് ഗാര്‍ഡന്‍, ജഗത്പുരി, ജഹാംഗീര്‍പുരി, സീലംപുര്‍ ഓഖ്ല തുടങ്ങിയ സ്ഥലങ്ങളിലാണ് ജാഗ്രതാനിര്‍ദേശം. ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ആയിരംപേരെ മുന്‍കരുതല്‍ നടുപടികളുടെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തു. സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണ്.