കെ.എസ്​.ആർ.ടി.സിയുടെ 26 ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ പൂട്ടി

കെ.എസ്​.ആർ.ടി.സിയുടെ 26 ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി

March 21, 2025 0 By eveningkerala

മലപ്പുറം: സംസ്ഥാനത്തെ 26 ഡിപ്പോകളിലെ ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ കെ.എസ്​.ആർ.ടി.സി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ . ചങ്ങനാശ്ശേരി, കാസർകോട്, നിലമ്പൂർ, കൊല്ലം, പെരിന്തൽമണ്ണ, മാനന്തവാടി, കൊട്ടാരക്കര, മൂവാറ്റുപുഴ, മൂന്നാർ, കോതമംഗലം, ഗുരുവായൂർ, താമരശേരി, പാലാ, തൊടുപുഴ, ആലപ്പുഴ, തലശ്ശേരി, കട്ടപ്പന, പെരുമ്പാവൂർ, അങ്കമാലി, തിരുവല്ല, കുമളി, പൊന്നാനി, പയ്യന്നൂർ, അടൂർ, മലപ്പുറം, പുനലൂർ ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകളാണ്​ പൂട്ടിയത്​.

ഇതുസംബന്ധിച്ച്​ കെ.എസ്​.ആർ.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്​.ക്യു)വിന്‍റെ ഉത്തരവ്​ വ്യാഴാഴ്ച രാത്രിയാണ്​ ബന്ധപ്പെട്ട യൂനിറ്റ്​ ഓഫിസർമാർക്ക്​ എത്തിയത്​. ബുക്കിങ്​ കുറവായതിനാലാണ്​ കൗണ്ടറുകൾ പൂട്ടുന്നതെന്ന്​ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ പാസഞ്ചർ ബുക്കിംഗ് ഡാറ്റയുടെ വിശകലനത്തിന്‍റെ അടിസ്ഥാനത്തിൽ, പ്രതിമാസം 500ൽ താഴെ യാത്രക്കാർ ബുക്കിങ് നടത്തുന്ന കൗണ്ടറുകളാണ്​ അടച്ചുപൂട്ടുന്നതെന്നും ഉത്തരവിൽ പറയുന്നു.

ബന്ധപ്പെട്ട ഡിപ്പോകളിൽ, യാത്രക്കാരുടെ സൗകര്യാർത്ഥം https://onlineksrtcswift.com എന്ന റിസർവേഷൻ വെബ്‌ ലിങ്ക് പ്രദർശിപ്പിക്കണമെന്നും വിവര ബോർഡ്​ സ്ഥാപിക്ക​ണമെന്നും ഉത്തരവിലുണ്ട്​. നടപടി പൂർത്തിയാക്കി 22നകം യൂണിറ്റ്​ ഓഫിസർമാർ റിപ്പോർട്ട്​ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, കൗണ്ടറുകൾ പൂട്ടാനുള്ള തീരുമാനം കൂടിയാലോചന ഇല്ലാതെയാണെന്ന്​ ആരോപണമുണ്ട്​. ഒട്ടുമിക്ക ഡിപ്പോകളിലും കൗണ്ടർ പ്രവർത്തിക്കുന്നത് അവിടേക്ക്​ പ്രത്യേകമായി ജീവനക്കാരെ നിയമിക്കാതെയാണ്​. മിക്കയിടത്തും ഡാറ്റ എൻട്രിക്കാരോ, ടിക്കറ്റ്​ ആന്‍റ്​ കാഷ്​ വിഭാഗമോ ആണ്​ റിസർവേഷന്‍റെ ചുമതലയും നിർവ്വഹിക്കുന്നത്​. കൗണ്ടർ പ്രവർത്തിക്കുന്നത്​​കൊണ്ട്​ കെ.എസ്​.ആർ.ടി.സിക്ക്​ അധിക ബാധ്യത വരുന്നില്ല എന്നിരിക്കെ ധൃതിപിടിച്ചെടുത്ത തീരുമാനം ജനങ്ങൾക്ക്​ ദുരിതമാവുമെന്ന്​ യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലയിൽ, ജില്ല ആസ്ഥാനത്തേത്​ ഉൾപ്പെടെ നാലു കൗണ്ടറുകളും പൂട്ടിയവയിലുണ്ട്​.