പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

April 7, 2025 0 By eveningkerala

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം. പാലക്കാട് മുണ്ടൂരിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത്. മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലന്‍ ആണ് മരിച്ചത്. അലന്റെ അമ്മ വിജിയ്ക്കും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം.

ഇരുവരും വീട്ടിലേക്ക് പോകുന്നതിനിടയില്‍ ആയിരുന്നു ആനയുടെ ആക്രമണം. അലന്റെ നെഞ്ചില്‍ ആനയുടെ കുത്തേറ്റതായാണ് പുറത്തുവരുന്ന വിവരം. മുറിവ് ആഴത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അലന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. അലന്റെ അമ്മ വിജിയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് രണ്ട് മണി വരെ മുണ്ടൂർ പഞ്ചായത്തിൽ സി.പി.എം ഹർത്താൽ ആചരിക്കും. കാട്ടാന ആക്രമണമുണ്ടായ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ചും നടത്തും. ബി.ജെ.പി യുടെ നേതൃത്വത്തിൽ രാവിലെ പാലക്കാട് ഡി.എഫ്.ഒ ഓഫിസിലേക്കും മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.