ഇന്ധനവില വര്‍ധന: സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി

ബെംഗളൂരു: കുതിക്കുന്ന ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലൂടെ സൈക്കിളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈക്കിള്‍ ചവിട്ടി പ്രചരണം നടത്തുന്ന രാഹുലിന് വന്‍ പിന്തുണയാണ് കോലാറിലെ വോട്ടര്‍മാരില്‍ നിന്നും ലഭിച്ചത്. രാഹുലിനൊപ്പം സൈക്കിളിന് പുറകെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവര്‍ത്തകരും അണിചേര്‍ന്നു. വലിയ സുരക്ഷയും രാഹുല്‍ഗാന്ധിയ്ക്ക് ചുറ്റും ഒരുക്കിയിരുന്നു.

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പൊറുതിമുട്ടിയ സാധാരണക്കാരുടെ വികാരമാണ് താന്‍ പ്രതിഷേധത്തിലൂടെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പെട്രോള്‍ വില വര്‍ധവില്‍ പ്രതിഷേധിച്ച് മുന്‍പ് കാളവണ്ടിയിലും രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു. ലോകത്താകമാനം പെട്രോള്‍ വിലയില്‍ വലിയ കുറവ് രേഖപ്പെടുത്തുമ്പോഴും ഇന്ത്യയില്‍ മാത്രം അത് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന വിലയിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

പെട്രോള്‍ വില കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കി ഭരണത്തിലെത്തിയ മോദി ഇപ്പോഴത്തെ ഇന്ധന വില വര്‍ധനവിന് വിശദീകരണം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില കുറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ എന്ത് കൊണ്ട് വില കൂടുന്നു എന്ന് പ്രധാനമന്ത്രി വിശദീകരിക്കണം. 'മുന്‍പ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ബാരലിന് 140 ഡോളറായിരുന്നു. ഇപ്പോഴത് 70 ഡോളറിനടുത്താണ്. കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ലാഭിക്കുന്നത്. ഈ പണമൊക്കെ എങ്ങോട്ടാണ് പോവുന്നത്' രാഹുല്‍ ചോദിച്ചു.

സാധാരണക്കാരില്‍ നിന്ന് കൊള്ളയടിച്ച് പണം സമ്പന്നരായ സുഹൃത്തുക്കളിലെത്തിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ച ബെല്ലാരിയില്‍ ഖനി വ്യവസായി സോമശേഖര റെഡ്ഡിയോടൊപ്പം വേദി പങ്കിട്ടതിനേയും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

കര്‍ഷകര്‍ രാജ്യത്ത് ഏറ്റവും കഷ്ടത അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും പക്ഷേ നരേന്ദ്ര മോദി അവര്‍ക്ക് നേരെ കണ്ണും കാതുമടയ്ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 'അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ണാടകയിലെ എല്ലാവര്‍ക്കും വീടുണ്ടാവുമെന്നും മോദിയെ പോലെ വാക്ക് പാലിക്കാതിരിക്കില്ലെന്നും കര്‍ഷകര്‍ക്ക് സഹായകമാവും വിധം സംസ്ഥാനത്തുടനീളം ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story