കൊവിഡ് 19: രാജ്യത്ത് രോഗശമന നിരക്ക് വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

May 4, 2020 0 By Editor

ന്യൂഡല്‍ഹി: കൊവിഡ് ബാധ നേരിടുന്നതില്‍ രാജ്യം വലിയ പുരോഗതി നേടിയതായി കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രോഗശമനമുണ്ടായവരുടെ വിവിധ ദിവസങ്ങളിലെ എണ്ണവും നിരക്കും താരതമ്യം ചെയ്താണ് ആരോഗ്യവകുപ്പ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,074 പേരുടെ കൊവിഡ് 19 രോഗം ഭേദമായതോടെ രോഗശമനത്തിന്റെ നിരക്ക് 27.52 ശതമാനമായി ഉയര്‍ന്നു. മുന്‍ ദിവസങ്ങളേക്കാള്‍ വലിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ലവ് അഗര്‍വാള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,074 പേരുടെ രോഗം ഭേദമായി. ഒരു ദിവസം കൊണ്ട് രോഗംഭേദമാവുന്നവരുടെ ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇത്. രാജ്യത്ത് ഇതുവരെ 11,706 പേരുടെ രോഗം ഭേദമായിട്ടുണ്ട്. അതുപ്രകാരം രോഗശമനനിരക്ക് ഏകദേശം 27.52 ശതമാനം വരും.
ഏപ്രില്‍ 30ന് 630 പേരുടെ രോഗമാണ് ഭേദമായത്. അന്നത്തെ രോഗം ഭേദമാവുന്നവരുടെ നിരക്ക് 25.19 ആയിരുന്നു. ഏപ്രില്‍ 28നാവട്ടെ അത് 23.3 ശതമാവുമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,553 പേര്‍ക്ക് രോഗം ബാധിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 44,532 ആയി വര്‍ധിച്ചു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam