മൂന്ന് രൂപയ്‌ക്ക് ഉണ്ടാക്കുന്ന ഹാൻസ് വിൽക്കുന്നത് 30 രൂപയ്‌ക്ക്; മലപ്പുറത്ത് പിടികൂടിയ  ഹാൻസ് ഫാക്ടറിയിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

മൂന്ന് രൂപയ്‌ക്ക് ഉണ്ടാക്കുന്ന ഹാൻസ് വിൽക്കുന്നത് 30 രൂപയ്‌ക്ക്; മലപ്പുറത്ത് പിടികൂടിയ ഹാൻസ് ഫാക്ടറിയിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

November 19, 2021 0 By Editor

മലപ്പുറം : മൂന്ന് രൂപയ്‌ക്ക് ഉണ്ടാക്കുന്ന ഹാൻസ് വിൽക്കുന്നത് മുപ്പത് രൂപയ്‌ക്ക്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടികൂടിയ ഹാൻസ് ഫാക്ടറിയിൽ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഫാക്ടറിയിൽ ഇവ നിർമ്മിക്കാൻ ചെലവ് വരുന്നത് മൂന്ന് രൂപയ്‌ക്ക് താഴെ മാത്രമാണെന്നും പോലീസ് പറഞ്ഞു.

ഇത്തരം പായ്‌ക്കറ്റുകൾ ഇടനിലക്കാർക്ക് എട്ട് രൂപയ്‌ക്കാണ് നൽകിയിരുന്നത് എന്ന് പിടിയിലായ നാലംഗ സംഘം വെളിപ്പെടുത്തി. ഇടനിലക്കാർ ഇത് 13 രൂപയ്‌ക്കാണ് വ്യാപാരികൾക്ക് നൽകാറുള്ളത്. വ്യാപാരികൾ ഒരു പായ്‌ക്കറ്റ് 30 രൂപയ്‌ക്കാണ് വിൽപ്പന നടത്തുന്നത് എന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. ചിലർ 50 രൂപയ്‌ക്ക് വരെ ഇത് വിൽക്കാറുണ്ടെന്നാണ് വിവരം. പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഹാൻസ് ഫാക്ടറി കണ്ടെത്തിയിരുന്നു. 50 ലക്ഷം വില വരുന്ന നിരോധിത മയക്കുമരുന്ന് ഉത്പന്നങ്ങളുമായി നാല് പേരാണ് പിടിയിലായത്. മലപ്പുറം വേങ്ങര വട്ടപ്പൊന്ത എന്ന സ്ഥലത്ത് റബ്ബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36) വേങ്ങര കച്ചേരിപ്പടി സ്വദേശി കെ കെ അഫ്‌സൽ (30), എ ആർ നഗർ കൊളപ്പുറം സ്വദേശി കെ ടി മുഹമ്മദ് സുഹൈൽ (25) ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ നിന്ന് മൊത്തമായി കൊണ്ടുവന്ന് യന്ത്രസഹായത്തോടെ ചെറിയ പാക്കറ്റുകളാക്കുന്നതിനിടയില്‍ ഇവ പിടിച്ചെടുത്തത്.

ബെംഗളൂരുവില്‍ നിന്ന് മത്സ്യം, കോഴി എന്നിവ കൊണ്ടുവരുന്ന ലോറികളില്‍ നിരോധിക പുകയില മൊത്തമായി കൊണ്ട് വന്ന് പ്രത്യേക രാസവസ്തുക്കള്‍ കൂട്ടിയോജിപ്പിച്ച് യന്ത്രസഹായത്തോടെ ചെറിയ പാക്കറ്റുകളാക്കി മാറ്റി പെരുമ്പാവൂര്‍ ,ഈരാട്ടു പേട്ട, ചെന്നൈ എന്നിവിടങ്ങളിലേക്ക് വില്പനക്കായി ആഡംബര വാഹനങ്ങളുപയോഗിച്ച് കയറ്റി അയക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്: പാക്ക് ചെയ്യാന്‍ ആവശ്യമായ വിവിധ യന്ത്രങ്ങളും കെട്ടു കണക്കിന് പ്രിന്റഡ് റാപ്പറുകളും കേന്ദ്രത്തില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തു.