ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുമായി ബന്ധം; ചാനലിന്റെ വെബ്സൈറ്റും ആപ്പും തടഞ്ഞ് കേന്ദ്രം

ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുമായി ബന്ധം; ചാനലിന്റെ വെബ്സൈറ്റും ആപ്പും തടഞ്ഞ് കേന്ദ്രം

February 23, 2022 0 By Editor

ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ‘പഞ്ചാബ് പൊളിറ്റിക്സ് ടിവി’യുടെ ആപ്പുകള്‍, വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ചാനലിന് നിരോധിത ഖാലിസ്ഥാന്‍ അനുകൂല സംഘടന ‘സിഖ്സ് ഫോര്‍ ജസ്റ്റീസ്സു’മായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുക്രമം തകര്‍ക്കാന്‍ ചാനല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

വിദേശ അധിഷ്ഠിത ചാനല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് നല്‍കുന്ന ഉള്ളടക്കത്തിന് സാമുദായിക പൊരുത്തക്കേടും വിഘടനവാദവും പ്രോത്സാഹിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ചാനല്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തിയെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരം സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയെ നിരോധിച്ചിരുന്നു.