അയ്യപ്പൻമാരെ സ്‌പെഷൽ ബോർഡ് വച്ച് കൊള്ളയടിച്ച് കെ എസ്ആർടിസി ; 112 രൂപയായിരുന്ന പത്തനംതിട്ട - പമ്പ ഫാസ്റ്റ് പാസഞ്ചർ നിരക്ക് ഇന്നലെ മുതൽ 143 രൂപ !
പമ്പ : ശബരിമല സീസൺ ആരംഭിച്ചതോടെ പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകളിൽ ഒരു വാക്ക് കൂടി ചേർന്നപ്പോൾ സ്‌പെഷൽ ആയി !. വിവിധ ഡിപ്പോകളിൽ നിന്നും പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകളിലാണ് സ്‌പെഷൽ ബോർഡ് വച്ച് കൊള്ളടിക്കറ്റ് വർദ്ധന ഏർപ്പെടുത്തിയത്. സ്‌പെഷൽ ബോർഡിന്റെ ബലത്തിൽ 112 രൂപയായിരുന്ന പത്തനംതിട്ട - പമ്പ ഫാസ്റ്റ് പാസഞ്ചർ നിരക്ക് ഇന്നലെ മുതൽ 143 രൂപയാക്കിയാണ് ഉയർത്തിയത്.
മണ്ഡലകാലം കഴിയുന്നത് വരെയാണ് പമ്പയിലേക്കു സർവീസ് നടത്തുന്ന എല്ലാ സർവീസുകളും സ്‌പെഷലാക്കി കെ എസ് ആർ ടി സി ഉയർത്തിയത്. എരുമേലിയിൽ നിന്നു പമ്പയിലേക്ക് ഉണ്ടായിരുന്ന ഓർഡിനറി സർവീസ് തീർഥാടനം കഴിയും വരെ അട്ടത്തോട് വരെയേ സർവീസ് നടത്തൂ.
അതെ സമയം നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള ചെയിൻ സർവീസിന് നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ചെയിൻ സർവീസിനായി എ സി, നോൺ എസി ലോ ഫ്‌ളോർ ബസുകളാണ് ഉപയോഗിക്കുന്നത്. 80 രൂപയാണ് എ സി ബസിന് നിരക്കായി വാങ്ങുന്നതെങ്കിൽ നോൺ എസി ബസിന് 50 രൂപ ടിക്കറ്റിനായി നൽകണം.