മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

മഞ്ചേശ്വരം കോഴക്കേസിൽ കെ. സുരേന്ദ്രൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

January 11, 2023 0 By Editor

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം ആറുപ്രതികളാണ് കേസിലുള്ളത്.  കേസില്‍ ഒന്നാം പ്രതിയാണ് സുരേന്ദ്രന്‍.

കാസര്‍കോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

സുന്ദര തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

സുരേന്ദ്രന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ബിജെപി മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ സുരേന്ദ്രനെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകളും പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.