
തിരച്ചില്‍ ഒരാഴ്ച പിന്നിട്ടു; വയനാട്ടിൽ നരഭോജി കടുവ കാണാമറയത്ത്
December 17, 2023യനാട് വാകേരിയയിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടു. കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ വനംവകുപ്പ് സംഘങ്ങളെ സമീപ ജില്ലകളിൽ നിന്ന് വിന്യസിക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് കോൺഗ്രസ് എം.പി. ശശി തരൂർ സന്ദർശിച്ചു
ബത്തേരി എം.എൽ.എ. ഐ.സി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വാകേരിയിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ കടുവയ്ക്കായുള്ള തിരച്ചിൽ വിപുലപ്പെടുത്തുന്നതിനായി കൂടുതൽ സംഘങ്ങളെ നിയോഗിക്കാൻ തീരുമാനമായി. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വനംവകുപ്പ് റാപ്പിഡ് റെസ്പോൺസ് ടീം അടുത്ത ദിവസം ദൗത്യത്തിന്റെ ഭാഗമാകും.
കടുവാ ഭീതിയിൽ മുടങ്ങിക്കിടക്കുന്ന കാപ്പിത്തോട്ടങ്ങളിലെ ജോലികൾക്ക് ആവശ്യമെങ്കിൽ വനംവകുപ്പ് സംരക്ഷണം നൽകും. പ്രദേശത്തെ വിദ്യാർഥികളുടെ യാത്രകൾക്ക് പൊലീസും വനംവകുപ്പും സൗകര്യം ഒരുക്കും. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തലത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ദൗത്യത്തിന്റെ മേൽനോട്ടം ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കടുവയെ പിടികൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടല്ലൂരിൽ നാലാമത്തെ കൂട് സ്ഥാപിച്ചു.