സ്വന്തം വീടും ഭാര്യവീടും ആക്രമിച്ചു, കാറിനു തീ കൊളുത്തി; കോഴിക്കോട്ട് യുവാവിനെ കെട്ടിയിട്ട് നാട്ടുകാർ

കൂടത്തായിയിൽ സ്വന്തം വീടും ഭാര്യയുടെ വീടും ആക്രമിച്ച യുവാവ് കാറിനു തീ കൊളുത്തി. താമരശേരി കരിങ്ങമണ്ണയിൽ താമസിക്കുന്ന കൊടുവള്ളി ആരാമ്പ്രം പേരംകണ്ടി ഷമീറാണ് ലഹരിക്കടിമപ്പെട്ട് അക്രമം നടത്തിയത്.…

കൂടത്തായിയിൽ സ്വന്തം വീടും ഭാര്യയുടെ വീടും ആക്രമിച്ച യുവാവ് കാറിനു തീ കൊളുത്തി. താമരശേരി കരിങ്ങമണ്ണയിൽ താമസിക്കുന്ന കൊടുവള്ളി ആരാമ്പ്രം പേരംകണ്ടി ഷമീറാണ് ലഹരിക്കടിമപ്പെട്ട് അക്രമം നടത്തിയത്.

ടിപ്പർ ഡ്രൈവറായ ഷമീർ പളളിയിൽനിന്നും ലഭിച്ച ഇറച്ചി നൽകാനെത്തിയപ്പോൾ ലഹരിയിൽ വീട്ടു സാധനങ്ങൾ അടിച്ചു തകർക്കുകയും ഭാര്യ നസീമയെ മർദിക്കുകയും ചെയ്യുന്നതാണ് നസീമയുടെ സഹോദരൻ മുനീർ കണ്ടത്. സഹോദരിയെ മുനീർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. ഷമീറും തൊട്ടുപുറകെ തന്റെ കാറിൽ ആശുപത്രിയിലേക്കു പുറപ്പെട്ടു. പോകുന്നവഴി മൂന്നു വാഹനങ്ങളിൽ കാറിടിച്ചെങ്കിലും നിർത്താതെ ഭാര്യവീട്ടിലേക്ക് പോയി.

ഭാര്യവീട്ടിൽ എത്തിയ ഉടനെ വീട്ടു സാധനങ്ങൾ വലിച്ചെറിഞ്ഞ് വീട്ടുകാരെ ആക്രമിച്ചു. ആർക്കും കാര്യമായി പരുക്കേറ്റില്ല. ഭാര്യാ സഹോദരന്റെ വീടിനു മുന്നിൽ ഷമീർ നിർത്തിയിട്ട കാറിന് തീകൊളുത്തി. വീടിനും കേടുപാടു സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ കയർ ഉപയോഗിച്ച് ഷമീറിനെ വീടിന്റെ തൂണിൽ കെട്ടിയിട്ടു. മുക്കത്തുനിന്നും എത്തിയ ഫയർഫോഴ്സ് തീയണച്ചു. കോടഞ്ചേരി എസ്ഐ ആന്റണിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ അമ്പലമുക്കിൽ വച്ചാണ് ഷാജി ആന്റണിയുടെ കാറിൽ ഇടിച്ച് ഷമീർ നിർത്താതെ പോയത്. ഉടനെ താമരശേരി പൊലീസിൽ വിളിക്കുകയും നേരിട്ടു പോയി പരാതി പറയുകയും ചെയ്തിട്ടും പൊലീസ് മുഖവിലക്കെടുത്തില്ലെന്ന് ആരോപണമുണ്ട്. കൃത്യസമയത്ത് പൊലീസ് എത്തിയിരുന്നെങ്കിൽ കാർ കത്തിക്കലും ഭാര്യവീട് ആക്രമിക്കലും ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story