ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ കൊടുവള്ളി സ്വദേശിയുടെ മകൾ മൂ​ന്നു വ​യ​സ്സു​കാ​രിയുടെ മൃതദേഹം കണ്ടെത്തി

ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ കൊടുവള്ളി സ്വദേശിയുടെ മകൾ മൂ​ന്നു വ​യ​സ്സു​കാ​രിയുടെ മൃതദേഹം കണ്ടെത്തി

August 3, 2024 0 By Editor

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ മൂ​ന്നു വ​യ​സ്സു​കാ​രി ജൂ​ഹി മെ​ഹ​കിന്‍റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പന്നൂർ സ്വദേശി പി.കെ. റഊഫ്-നൗഷിബ ദമ്പതികളുടെ മകൾ കുഞ്ഞാറ്റയെന്ന് വിളിക്കുന്ന ജൂഹി മെഹകിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. നാട്ടിലെത്തിച്ച മൃതദേഹം അർധരാത്രിയോടെ പന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

റഊഫിന്റെ ഭാര്യയുടെ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 13 പേരാണ് മരണക്കയത്തിൽ ആണ്ടുപോയത്. ഇവരിൽ ആറു പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. റഊഫ്-നൗഷിബ ദമ്പതികൾക്ക് രണ്ട് മക്കളാണിവർക്ക്. മൂത്ത മകൾ ഒന്നാം ക്ലാസിൽ പഠിക്കുന്നു.

കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ വിരുന്നുവന്ന ഭാര്യാപിതാവും മാതാവും കുഞ്ഞാറ്റയെ അവരുടെ കൂടെ വയനാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആദ്യമായാണ് അവൾ ഉപ്പയും ഉമ്മയുമില്ലാതെ ചുരം കയറിയത്. ഒരു ദിവസം തളിപ്പുഴയിൽ താമസിച്ച ശേഷം പിറ്റേന്ന് ചൂരൽമലയിലുള്ള നൗഷിബയുടെ സഹോദരി റുക്സാനയുടെ വീട്ടിലേക്ക് ഉപ്പാപ്പക്കും ഉമ്മാമ്മക്കുമൊപ്പം വിരുന്നെത്തിയതായിരുന്നു കുഞ്ഞാറ്റ.

സന്തോഷകരമായ നിമിഷങ്ങൾക്ക് നടുവിലാണ് ഉരുൾപൊട്ടൽ എല്ലാം തകർത്തെറിഞ്ഞത്. തറവാടിന് താഴെയുള്ള ഭാര്യാ സഹോദരൻ മുനീറും കുടുംബവും അവർക്കൊപ്പം ദുരന്തത്തിൽ മരണക്കയത്തിൽ മുങ്ങി. രണ്ടു വീടുകളുടെയും സ്ഥാനത്ത് ഇപ്പോൾ ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങൾ മാത്രം.

കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന റഊഫിന് പുലർച്ച മൂന്നോടെയാണ് ദുരന്തത്തിന്റെ വാർത്തയെത്തിയത്. ആദ്യം അത്ര ഗൗരവം തോന്നിയില്ല. അഞ്ചു മണിയായതോടെ വണ്ടിയെടുത്ത് ചൂരൽമലയിലെത്തിയതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്. അതുമുതൽ മകളെ തിരയുകയായിരുന്നു റഊഫ്. ചാലിയാറിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങളിൽ മകളുണ്ടോയെന്നറിയാൻ നിലമ്പൂർ ആശുപത്രിയിലും ഇതിനിടയിൽ റഊഫ് എത്തിയിരുന്നു.