“ലാലേട്ടാ, താടി വേണം ക്ലീൻ ഷേവ് ചെയ്യരുത്.. ഇന്നലെ കളിയാക്കിയവർ ഒന്ന് വന്നേ”, ഒടുവില്‍ ദൃശ്യം 3 ഉറപ്പിച്ച് മോഹന്‍ലാല്‍; അപേക്ഷയുമായി ആരാധകര്‍

“ലാലേട്ടാ, താടി വേണം ക്ലീൻ ഷേവ് ചെയ്യരുത്.. ഇന്നലെ കളിയാക്കിയവർ ഒന്ന് വന്നേ”, ഒടുവില്‍ ദൃശ്യം 3 ഉറപ്പിച്ച് മോഹന്‍ലാല്‍; അപേക്ഷയുമായി ആരാധകര്‍

February 20, 2025 0 By Editor

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലൊരുങ്ങിയ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു നാളിതുവരെ ആരാധകര്‍.

ദൃശ്യം 3 സംഭവിക്കുമെന്ന് പലകുറി വാര്‍ത്താതലക്കെട്ടുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഇപ്പോഴിതാ ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ദൃശ്യം 3 യുടെ പ്രഖ്യാപനം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

“ഭൂതകാലം ഒരിക്കലും നിശബ്‌ദമല്ല” എന്ന അടിക്കുറിപ്പോടു കൂടിയാണ് മോഹന്‍ലാല്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മൂവരും കറുത്ത നിറമുള്ള ടര്‍ഷും ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. നിരവധി കമന്‍റുകളും പോസ്‌റ്റിന് താഴെ വരുന്നുണ്ട്.

ലാലേട്ടാ താടിയിൽ തന്നെ ദൃശ്യം 3 ചെയ്യണം, ക്ലീൻ ഷേവ് ഒരു രസവും ഉണ്ടാവില്ല. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിജയം ആകട്ടെ. ഇന്നലെ അനൂപ് മേനോനുമായുള്ള അപ്ഡേറ്റ് ഫാൻസുകാരെ വേദനിപ്പിച്ചു. ഇന്ന് സന്തോഷമായി, എമ്പുരാനെക്കാലും കൂടുതല്‍ വെയിറ്റ് ചെയ്യുന്നത് ഇപ്പോൾ ദൃശ്യം 3 ആണ്. ദൃശ്യം 2 ഒടിടിക്ക് കൊടുത്ത പോലെ ദൃശ്യം 3 കൊടുക്കരുത്. തിയേറ്ററില്‍ നിന്ന് തന്നെ കാണണം. ബറോസിന്‍റെ നഷ്‌ടം ദൃശ്യം മൂന്നിൽ തീർക്കണം”, -ഇപ്രകാരമാണ് ഒരു ആരാധകന്‍റെ കമന്‍റ്.

“ഇന്നലെ കളിയാക്കിയവർ ഒക്കെ ഒന്ന് വന്നേ” -മറ്റൊരു കമന്‍റ് ഇപ്രകാരമാണ്. “ദൃശ്യം 2 പോലെ ഒടിടി ലെവൽ ആക്കാതെ നല്ല മേക്കിംഗ് ഒക്കെ ആയി വരണം. ഒരു ഗംഭീര തിയേറ്റർ എക്‌സ്‌പീരിയൻസ് പ്രതീക്ഷിക്കുന്നു” -മറ്റൊരാള്‍ കുറിച്ചു.

“മോഹന്‍ലാല്‍, ഇത് മലയാളത്തിൽ മാത്രമായി ചെയ്യരുത്.. വെറുതെ നിങ്ങളുടെ എഫോര്‍ട്ട്‌സ് കൊണ്ട് അജയ് ദേവഗൻ ഒക്കെ പ്രശംസ കൊണ്ട് പോകും.. എല്ലാ ഭാഷയിലും ഇറക്ക്”, “ഇനി ദൃശ്യം 3 കഴിഞ്ഞ് മതി മറ്റു സിനിമകൾ ഒക്കെ.. ആശംസകൾ” -ഇങ്ങനെ നീണ്ടുപോകുന്നു കമന്‍റുകള്‍.

2013ലാണ് ദൃശ്യം ആദ്യ ഭാഗം റിലീസ് ചെയ്‌തത്. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ ദൃശ്യം രണ്ടാം ഭാഗവും പുറത്തിറങ്ങി. ആമസോണ്‍ പ്രൈം വീഡിയോയിലുടെ ഡയറക്‌ട് ഒടിടി റിലീസിനെത്തുകയായിരുന്നു ചിത്രം.