
പേനക്ക് വേണ്ടി സഹോദരിയുമായി തര്‍ക്കം; തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍ ; ദുരൂഹതയെന്ന് പിതാവിന്റെ കുടുംബം
February 26, 2025തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിനി ദീക്ഷിതയെ(10) ആണ് വീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിക്കൊപ്പം അനുജത്തിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വെള്ളനാട് സ്വദേശി മഹേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകളാണ് ദീക്ഷിത. ദീക്ഷിതയുടെ മാതാവ് സംഭവസമയത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു. 2022 മുതൽ കുട്ടിയുടെ മാതാപിതാക്കൾ അകന്നു കഴിയുകയാണ്. ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദീക്ഷിത. ഇളയകുട്ടിയുമായി കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദീക്ഷിത ശുചി മുറിയില്‍ കയറി വാതിലടച്ചത്
പിന്നീട് ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദീക്ഷിതയുടേത് ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. പേനക്ക് വേണ്ടി കുട്ടികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതായി പൊലീസ് പറയുന്നു. മൃതദേഹം വെള്ളനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
എന്നാൽ, കുട്ടിയെ അമ്മയുടെ സഹോദരൻ കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍റെ കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ മാതാവിനും കുടുംബത്തിനുമെതിരെ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത് ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.