S Jaishankar: എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം; പിന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം; പിന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍

March 6, 2025 0 By eveningkerala

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികള്‍. കാറിലേക്ക് കയറിയ ജയശങ്കറിന് അടുത്തേക്ക് ഖാലിസ്ഥാന്‍ വാദികള്‍ പാഞ്ഞെടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിക്ക് പരിക്കുകളൊന്നും തന്നെയില്ല.

സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ജയശങ്കറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അജ്ഞാതനായ ഒരാള്‍ മന്ത്രിയുടെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ലണ്ടനിലെ ഛതം ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. വേദിക്ക് പുറത്ത് നിന്ന് ഖലിസ്ഥാന്‍ വിഘടനവാദികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എസ് ജയശങ്കര്‍ ലണ്ടനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെയുള്ള സഹകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തും.