മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയിറങ്ങി; വനംവകുപ്പ് സ്ഥിരീകരിച്ചു

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയിറങ്ങി; വനംവകുപ്പ് സ്ഥിരീകരിച്ചു

March 10, 2025 0 By eveningkerala

മലപ്പുറം: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയിറങ്ങി. വനം വകുപ്പ് ആർ ആർ ടി സംഘം നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിന്റെ സീ വൺ ബ്ലോക്കിലാണ് കടുവാ സാന്നിധ്യം സ്ഥിരീകരിച്ചത്.

എസ്‌റ്റേറ്റിലെ ടാപ്പിങ് തൊഴിലാളികളാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. ഉടന്‍ ഇവര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. ഡി.എഫ്ഒ. ഉള്‍പ്പടെയുള്ള ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി രാവിലെ മുതൽ എസ്റ്റേറ്റിൽ കടുവയിറങ്ങിയിട്ടുണ്ടെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതേ തുടർന്ന് കാളികാവ് റേഞ്ചിൽ ഉള്ള ആർ ആർ ടി സംഘം പരിശോധനയ്ക്ക് എത്തി. സംഘത്തിന്റെ മുൻപിലും കടുവപെട്ടു.

സൈലൻറ് വാലിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. സൈലൻ്റ് വാലി കാട്ടിൽ നിന്നാണ് കടുവയെത്തിയത് എന്നാണ് സംശയം. പശ്ചിമഘട്ടത്തിന്റെ താഴ്‌വാര മേഖലയാണിത്. കടുവയെ കണ്ട മേഖലയില്‍ ജനവാസമില്ലെങ്കിലും ഏക്കര്‍ കണക്കിനുള്ള റബ്ബര്‍ തോട്ടമാണിവിടം. അതുകൊണ്ടു തന്നെ റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ നിരന്തരം ജോലിയിലേര്‍പ്പെടുന്ന പ്രദേശമാണിത്. എസ്റ്റേറ്റിന് താഴെയുള്ള പ്രദേശം ജനവാസമേഖലയാണ്. കടുവയെ കണ്ടെത്തിയതോടെ തൊഴിലാളികളും സമീപപ്രദേശങ്ങളിലുള്ളവരും ആശങ്കയിലായിരിക്കുകയാണ്.

അടുത്തിടെ കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്നവകാശപ്പെട്ട് പ്രചരിച്ച വീഡിയോ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജ വീഡിയോയാണെന്ന് തിരിച്ചറിയുകയും അത് പ്രചരിപ്പിച്ചയാളെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വനം വകുപ്പ് നേരിട്ടെത്തി പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍നടപടികള്‍ എന്തെല്ലാം സ്വീകരിക്കണം എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വനം വകുപ്പ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.