ഓൺലൈൻ വഴി കഞ്ചാവ് മിഠായി വാങ്ങും; 30 രൂപയ്ക്ക് വിൽക്കും: വയനാട്ടിൽ കോളജ് വിദ്യാർഥികൾ പിടിയിൽ

ഓൺലൈൻ വഴി കഞ്ചാവ് മിഠായി വാങ്ങും; 30 രൂപയ്ക്ക് വിൽക്കും: വയനാട്ടിൽ കോളജ് വിദ്യാർഥികൾ പിടിയിൽ

March 14, 2025 0 By eveningkerala

ബത്തേരി: കോളജ് വിദ്യാർഥികളിൽനിന്നു കഞ്ചാവ് മിഠായി പിടികൂടി പൊലീസ്. 2 വിദ്യാർഥികളിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാര്‍ഥികള്‍ കൂടിനില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു കഞ്ചാവ് മിഠായി കണ്ടെടുത്തത്.

ഇതേ കോളജിൽ പഠിക്കുന്ന വിദ്യാർഥിയാണ് വിൽപ്പന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്ന് വിദ്യാർഥി പൊലീസിന് മൊഴി നൽകി.

മൂന്നു മാസമായി മിഠായി ഓൺലൈൻ വഴി വാങ്ങി വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതായാണ് ചോദ്യം ചെയ്യലിൽ വിദ്യാർഥി പറഞ്ഞ‌ത്. സമൂഹമാധ്യമം വഴി മിഠായിയെ കുറിച്ച് അറിഞ്ഞ വിദ്യാർഥി പിന്നീട് ഓൺലൈൻ വഴി വാങ്ങി 30 രൂപയ്ക്കു വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.