ജാതി വിവേചനം; എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ പെരുനാട് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്തി

ദേവസ്വം ബോർഡിന്‍റെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ പെരുനാട് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് ദർശനം നടത്തി

March 23, 2025 0 By eveningkerala

റാന്നി: ദേവസ്വം ബോർഡിന്‍റെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച്‌ ദർശനം നടത്തി. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധർമശാസ്‌തക്ഷേത്രത്തിലാണ് ഭക്തർ ഷർട്ട് ധരിച്ച്‌ കയറിയത്. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച്‌ കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്.

സ്ത്രീകൾ മുടി അഴിച്ചിട്ടും പുരുഷന്മാർ ഷർട്ട്‌, ബനിയൻ, കൈലി എന്നിവ ധരിച്ചും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന ബോർഡ് ക്ഷേത്രത്തിൽ തൂക്കിയിട്ടുണ്ട്. ക്ഷേത്രം നിലനിൽക്കുന്ന പഞ്ചായത്തായ പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലും നിന്നുള്ള എസ്.എൻ.ഡി.പി ശാഖകളിലെ ഭക്തരാണ് ഷർട്ട് ധരിച്ച്‌ ക്ഷേത്രത്തിൽ പ്രവേശിച്ചത്.

ശബരിമലയിൽ തിരുവാഭരണം ചാർത്തി തിരുവാഭരണ ഘോഷയാത്ര മടങ്ങി വരുമ്പോൾ തിരുവാഭരണം വിഗ്രഹത്തിൽ ചാര്‍ത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കക്കാട്ട് കോയിക്കല്‍ ശ്രീധർമശാസ്‌തക്ഷേത്രം. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ മേൽശാന്തി ഷർട്ട്‌ ധരിച്ചു കയറരുതെന്ന് അറിയിച്ചു. എന്നാൽ, തങ്ങൾ സമാധാനപരമായി പ്രാർഥിക്കാൻ എത്തിയതാണെന്നും മറ്റ് പ്രശ്‌നങ്ങൾ ഇല്ലെന്നും ഷർട്ട്‌ ധരിച്ചു കയറുക എന്നതാണ് തങ്ങളുടെ തീരുമാനമെന്നും അറിയിച്ചതായി എസ്.എൻ.ഡി.പി അംഗങ്ങൾ പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ ബാലു എന്ന യുവാവിനെ ക്ഷേത്ര ജോലികളിൽ നിന്ന് മാറ്റി നിർത്തി വിവേചനം കാട്ടിയ തന്ത്രിയുടെ പ്രവണതക്കെതിരെ പ്രതിഷേധമുണ്ടെന്നും ഈ വിഷയം ഉന്നയിച്ചു കൊണ്ടാണ് ക്ഷേത്രത്തിൽ ഷർട്ട്‌ ധരിച്ചു കയറിയതെന്നും അംഗങ്ങൾ വ്യക്തമാക്കി. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന ശബരിമല ക്ഷേത്രത്തിൽ ഇതുവരെ പിന്നാക്കക്കാരനായ ഒരാളെ മേൽശാന്തിയായി നിയമിക്കാത്തതിലും ശക്തമായ പ്രതിഷേധമുണ്ട്. വരും കാലങ്ങളിൽ മറ്റ് ശാഖകളെയും യുണിയനുകളെയും ഏകോപിപ്പിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്നും കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്ന വിവേചനമാണ് ഇതിനു തുടക്കമായതെന്നും അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ വിഷയത്തിൽ സർക്കാരുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ഷർട്ട് ധരിച്ച് കയറാൻ സർക്കാർ പറഞ്ഞിട്ടുണ്ടെന്നും ദേവസ്വം ബോർഡ് ഭാരവാഹികൾ, തന്ത്രിമാർ എന്നിവരുമായാണ് അഭിപ്രായ വ്യത്യാസമെന്നും അവർ ചൂണ്ടിക്കാട്ടി.

എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്.എൻ.ഡി.പിയും ശിവഗിരി മഠവും മുൻപ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ തൃശൂരിൽ നടന്ന സന്യാസിസംഗമവും ക്ഷേത്രങ്ങളിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ച് ആരാധന നടത്തുന്നതിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.