‘പ്രസവവേദനകൊണ്ട് പുളഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചില്ല; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു’ ; അഞ്ചാം പ്രസവവും വീട്ടിലാക്കി സിറാജുദ്ദീന്റെ ക്രൂരത

‘പ്രസവവേദനകൊണ്ട് പുളഞ്ഞിട്ടും ആശുപത്രിയിലെത്തിച്ചില്ല; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു’ ; അഞ്ചാം പ്രസവവും വീട്ടിലാക്കി സിറാജുദ്ദീന്റെ ക്രൂരത

April 6, 2025 0 By eveningkerala

മടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനല്‍, ‌‌‌‌ചാനലില്‍ നിറയെ പ്രഭാഷണങ്ങളും ആത്മിയ കാര്യങ്ങളും, ജോലി എന്താണെന്നോ വീട്ടിലെ കുട്ടികളുടെ കാര്യമോ പുറത്ത് പറയാതെ നാട്ടുകാരോട് സമ്പര്‍ക്കം ഇല്ലാത്ത ജീവതം, മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചതിനു പിന്നാലെ പുറത്തുവരുന്നത് സിറാജുദ്ദീനെ പറ്റിയുള്ള നിഗൂ‍ഢതകളാണ്.

മലപ്പുറത്ത് വീട്ടിൽവെച്ച് പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ വീട്ടുകാരുടെയും ഭർത്താവിന്‍റെയും അനാസ്ഥ ഊന്നിപ്പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് മലപ്പുറത്തെ വീട്ടിൽവെച്ചാണ് അസ്മ പ്രസവിച്ചത്. ഒമ്പത് മണിയോടെയാണ് അസ്മ മരിച്ച വിവരം ഭർത്താവ് സിറാജുദ്ധീൻ അറിയുന്നത്. രക്തസ്രാവം ഉണ്ടായിട്ടുപോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

ശ്വാസം മുട്ടൽ ഉണ്ടെന്ന് പറഞ്ഞാണ് ആംബുലൻസ് വിളിച്ചത്. ഇതിൽ മലപ്പുറത്തുനിന്ന് പെരുമ്പാവൂരിലെ അസ്മയുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരികയായിരുന്നു. കൊണ്ടുവരുന്ന വഴിക്ക് 12 മണിയോടെയാണ് അസ്മയുടെ ബന്ധുക്കൾ മരണവിവരം അറിയുന്നത്.

ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പോലീസ് കേസെടുത്തത്. ചോരക്കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ അതേ ആംബുലൻസിൽതന്നെ അസ്മയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കെസെടുത്തിരിക്കുന്നത്.

മൃതദേഹവുമായി വീട്ടിലെത്തുമ്പോഴാണ് മരണവിവരം എല്ലാവരും അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് പ്രസവം കഴിഞ്ഞതാണ്. രാത്രി ഒമ്പത് മണിയോടെയാണ് മരണം സംഭവിക്കുന്നത്. പ്രസവിച്ച വിവരമോ മരിച്ചവിവരമോ പെൺകുട്ടിയുടെ വീട്ടുകാരോടോ ബന്ധുക്കളോടോ പറഞ്ഞിരുന്നില്ല
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മൂന്ന് പ്രസവം നടന്നത് വീട്ടിലാണ്. ആലപ്പുഴ സ്വദേശിയാണ് ഭർത്താവ്. താമസിക്കുന്നത് മലപ്പുറത്ത് വാടക വീട്ടിലാണ്. പതിനൊന്ന് മണിക്ക് ശേഷമാണ് മരിച്ചതെന്നാണ് അവർ പറയുന്നത്. എന്നാൽ, അങ്ങനെയല്ല. ആംബുലൻസിലേക്ക് കയറ്റുമ്പോൾ കൈ ഒക്കെ മരവിച്ചിട്ടുണ്ടായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന ആളുകൾ പറയുന്നത്.
പ്രസവശേഷം മരണവെപ്രാളം കാണിച്ചിട്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. സ്വന്തം കുട്ടിയോട് വെള്ളം വേണമെന്ന് പറഞ്ഞ് വെള്ളം കൊടുത്തപ്പോഴും മതിയായ ചികിത്സ നൽകാൻ തയ്യാറായില്ല. പ്രസവസമയത്ത് വേറെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ല. അദ്ദേഹം മാത്രമാണ് ഉണ്ടായതെന്നാണ് വിവരം.
ചോരക്കുഞ്ഞിനെ പോലും ആശുപത്രിയിലാക്കിയില്ല. ആ കുഞ്ഞിനേയും കൊണ്ടാണ് കിലോമീറ്ററോളം സഞ്ചരിച്ച് ഇവിടെ എത്തിച്ചത്. പിന്നീട് ഞങ്ങളാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. ഐസിയുവിലാണ് കുഞ്ഞ്. ഒന്നും പറയാറായിട്ടില്ല. സിദ്ധചികിത്സയുമൊക്കെ ആയി നടക്കുന്നയാളാണ് അസ്മയുടെ ഭർത്താവെന്നാണ് അറിയുന്നത്.
അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.