ദേശീയ പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി ; മുസ്ലീം ഇതര അഭയാര്‍ത്ഥികളില്‍ നിന്ന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു
രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. മുസ്ലീം ഇതര അഭയാര്‍ത്ഥികളില്‍ നിന്ന് കേന്ദ്രം അപേക്ഷ ക്ഷണിച്ചു. ഇതിനുള്ള സര്‍ക്കുലര്‍ അടക്കം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്തികള്‍ക്ക് അപേക്ഷിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി ഒരാളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിയമം പൂര്‍ണമായും ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ളതാണ്. ഭരണഘടനയുടെ ധാര്‍മികത ലംഘിക്കുന്നതുമല്ല; 129 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
പൗരത്വം നല്‍കുന്നതിന് കൃത്യമായ നിയമമുണ്ട്. ഈ നിയമത്തില്‍ പറയുന്നതു പ്രകാരം തന്നെയാണ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതും. അതിനാല്‍, സര്‍ക്കാരിന് പൗരത്വ നിയമ ഭേദഗതി വഴി കൂടുതല്‍ അധികാരം ലഭിച്ചിട്ടില്ല,
ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ ബി.സി. ജോഷി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ ഭരണഘടനാപരമായി തന്നെ മതേതര രാജ്യമാണ്. ന്യൂനപക്ഷങ്ങളില്‍ പെടുന്ന വലിയൊരു വിഭാഗം ജനങ്ങളും പൗരന്മാരായി ഇവിടെയുണ്ട്. ലോകത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അയല്‍രാജ്യങ്ങളിലെ ജനസംഖ്യാപരമായ പ്രത്യേകതകളും മതപരമായ കാര്യങ്ങളുമടക്കം പല ഘടകങ്ങള്‍ പരിഗണിച്ചാണ് നിയമം കൊണ്ടുവന്നത്. ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭയം തേടാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ഇന്ത്യയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.