നിഖിൽ തോമസ് പഠിച്ചിട്ടില്ല; രേഖകളിൽ ഇങ്ങനെയൊരു പേരില്ല, എസ്എഫ്‌ഐ വാദങ്ങൾ പൊളിഞ്ഞു; നിയമനടപടി സ്വീകരിക്കുമെന്ന് കലിംഗ യൂണിവേഴ്‌സിറ്റി

നിഖിൽ തോമസ് പഠിച്ചിട്ടില്ല; രേഖകളിൽ ഇങ്ങനെയൊരു പേരില്ല, എസ്എഫ്‌ഐ വാദങ്ങൾ പൊളിഞ്ഞു; നിയമനടപടി സ്വീകരിക്കുമെന്ന് കലിംഗ യൂണിവേഴ്‌സിറ്റി

June 19, 2023 0 By Editor

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി കലിംഗ സർവ്വകലാശാല.
നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി. കൂട്ടിച്ചേർത്തു. മാദ്ധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐയുടെ വാദങ്ങളെ പൊളിക്കുന്നതാണ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഈ വെളിപ്പെടുത്തൽ.

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമെന്നാണ് പ്രാഥമിക നിഗമനമെന്ന് കേരള സർവകലാശാല വിസി ഡോ മോഹൻ കുന്നമ്മൽ ഇന്ന് വ്യക്തമാക്കിയിരുന്നു. കായംകുളത്ത് നിന്ന് റായ്പൂരിലെ സർവകലാശാലയിലേക്ക് വിമാന സർവീസ് ഇല്ലെന്നും അതിനാൽ തന്നെ ഒരേ സമയത്ത് രണ്ട് റെഗുലർ കോഴ്‌സ് പഠിക്കാൻ കഴിയില്ലെന്നും വിസി പറയുന്നു. സർട്ടിഫിക്കറ്റ് വ്യാജമാണെങ്കിൽ എസ്എഫ്‌ഐ നേതാവിനെതിരെ പൊലീസ് കേസ് നൽകുമെന്നും സർട്ടിഫിക്കറ്റ് ഒറിജിനലാണെങ്കിൽ കലിംഗ സർവകലാശാലക്കെതിരെ യുജിസിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കലിംഗ യൂണിവേഴ്‌സിറ്റി സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത്.

എംഎസ്എം കോളജിലെ മുൻ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന് ഇന്ന് രാവിലെയാണ് സംഘടന ക്ലീൻ ചിറ്റ് നൽകിയത്.നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വ്യക്തമാക്കിയിരുന്നു.’മുഴുവൻ ഡോക്യുമെന്റ്‌സും നിഖിൽ എസ് എഫ് ഐക്ക് മുന്നിൽ ഹാജരാക്കി. കലിംഗയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്. അതെല്ലാം പരിശോധിച്ച് എല്ലാം യാഥാർഥ്യമാണെന്നും നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നുമാണ് ആർഷോ അവകാശപ്പെടുന്നത്. ഈ വാദമാണ് ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത്.