
ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് തെറ്റായ നടപടി; ക്ഷേത്രത്തില്‍ പാര്‍ട്ടികൊടികളോ പാട്ടുകളൊ പാടില്ല; ദേവസ്വം പ്രസിഡന്റ്
March 15, 2025കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് തെറ്റായ നടപടിയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ക്ഷേത്രത്തിൽ പാർട്ടിക്കൊടികളോ പാട്ടുകളോ പാടാൻ പാടില്ലെന്നും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ദേവസ്വം വിജിലൻസ് എസ് പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വത്തിന് രാഷ്ട്രീയമില്ലെന്നും കോടതിയിലും സർക്കാരിന് മുൻപിലും നിലപാട് അറിയിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി. വിഷയം ദേവസ്വം ബോർഡ് യോഗം ചേർന്ന് ചർച്ച ചെയ്യും
രാഷ്ട്രീയ പാർട്ടിയുടെ കൊടിയോ ചിഹ്നമോ ക്ഷേത്രപരിസരത്ത് ഉപയോഗിക്കാൻ പാടില്ലെന്നതിനെക്കുറിച്ച് കോടതി വിധിയുണ്ട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോകും. ഉപദേശക സമിതിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൽ പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രചാരണ ഗാനങ്ങൾ പാടിയതാണ് വിവാദമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രത്തിൽ ഗായകൻ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.
പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് പാട്ട് പാടിയതെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും ഉത്സവകമ്മിറ്റി നേരത്തെ പ്രതികരിച്ചിരുന്നു. ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ മാർച്ച് പത്തിനാണ് അലോഷിയുടെ പരിപാടി നടന്നത്. ഗായകൻ പാടുന്നതിനോടൊപ്പം എൽഡിഎഫിന്റെ ചിഹ്നവും കൊടികളും എൽഇഡി വാളിൽ പ്രദർശിപ്പിച്ചതും വിവാദത്തിലായിട്ടുണ്ട്.