
തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പർദ ധരിച്ച് ; മകന്റെ ദേഹത്തുനിന്നു വെള്ളം പോലെ രക്തമൊഴുകി ;സഹായത്തിനായി റോഡിലിറങ്ങി ആളുകളെ വിളിച്ചെങ്കിലും ആരും വന്നില്ലെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ
March 18, 2025കൊല്ലം : പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയതു പർദ ധരിച്ചെന്നു കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. സംഭവത്തിനു തൊട്ടുപിന്നാലെ റോഡിലിറങ്ങി ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും ആരും വന്നില്ലെന്നും അവർ പറഞ്ഞു.
‘‘കോളിങ് ബെൽ അടിച്ചതുകേട്ട് വാതിൽ തുറന്ന ഉടനെ തേജസ് അകത്തേക്ക് ഓടിക്കയറി. പർദ ധരിച്ചാണു വന്നത്. തേജസിന്റെ മുഖം വ്യക്തമായി കണ്ടു. അവൻ കയ്യിലുണ്ടായിരുന്ന പെട്രോൾ വീടിനുള്ളിൽ ഒഴിച്ചു. തുടർന്നായിരുന്നു ആക്രമണം. ഞാൻ പുറത്തേക്കോടി റോഡിലിറങ്ങി ആളുകളെ വിളിച്ചുകൂട്ടി. ബൈക്കിൽ വന്നവരൊക്കെ, ഞാൻ പറയുന്നതു കേട്ടതല്ലാതെ, നോക്കി പോയതല്ലാതെ, ഇങ്ങോട്ടു വന്നില്ല. ഫെബിന്റെ ദേഹത്തുനിന്നു വെള്ളം പോലെ രക്തം ഒഴുകി. അവൻ ഓടിവന്നു എന്റെയടുത്തു വീണു. ആക്രമണത്തിനുശേഷം കൂസലില്ലാതെയാണു തേജസ് നടന്നുപോയത്’’– ഡെയ്സി പറഞ്ഞു.