വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ ഉപദ്രവിച്ച പ്രതിക്കെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദേശം – kuttiyadi textile showroom case

കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ ഉപദ്രവിച്ച പ്രതിക്കെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദേശം

March 25, 2025 0 By eveningkerala

Evening Kerala news }    കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പ്പാലത്തെ ടെക്‌സ്റ്റൈല്‍സ് ഷോറൂമില്‍ പന്ത്രണ്ടുകാരനായ കുട്ടിയെ ജീവനക്കാരന്‍ ഉപദ്രവിച്ച കേസില്‍ പോക്‌സോ ചുമത്താന്‍ നിര്‍ദേശം. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ പറഞ്ഞു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നതായി സൂചനയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസിൽ തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ ചേനക്കാത്ത് അശ്വന്തിനെ തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്വന്ത് ജോലി ചെയ്യുന്ന ടെക്സ്റ്റൈല്‍ ഷോറൂമില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. വസ്ത്രം തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിന് പിടിച്ച് തള്ളുന്നതും ആക്രമിക്കുന്നതും സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പിതാവിനൊപ്പമെത്തിയ കുട്ടി ഇവിടെ നിന്നും വസ്ത്രം വാങ്ങിയിരുന്നു. ഇത് പാകമാകാതെ വന്നതിനാല്‍ മാറ്റിയെടുക്കാന്‍ വന്നപ്പോഴാണ് ആക്രമണമുണ്ടായത്. തുടർന്ന് പരാതിക്കാരന്‍ കുറ്റ്യാടി ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത് എന്നാരോപിച്ച് കുടുംബം ചൈല്‍ഡ് ലൈനിനും നാദാപുരം ഡി വൈ എസ് പിക്കും പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പോക്സോ കേസെടുക്കാൻ നിർദ്ദേശം നൽകിയത്.

STORY HIGHLIGHT: kuttiyadi textile showroom case