പ്രായവ്യത്യാസം പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കി; കൊലപാതകം കൈ കൊണ്ട് മുഖം അമര്‍ത്തി” ശാഖാ കുമാരിയുടെ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

December 27, 2020 0 By Editor

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് കൊല്ലപ്പെട്ട ശാഖയുടെ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ ഇന്നു നടക്കും. ശാഖയെ പ്രായം മറന്ന് വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് സ്വത്തു മോഹിച്ചെന്ന് അരുണ്‍ പോലീസിനോട് മൊഴിനല്‍കി.പ്രായത്തില്‍ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞ് കൂട്ടുകാര്‍ പലപ്പോഴും കളിയാക്കിയിരുന്നതും തന്നില്‍നിന്ന് ഒരു കുഞ്ഞു വേണമെന്ന ശാഖയുടെ ആവശ്യവും അസ്വസ്ഥനാക്കിയിരുന്നുവെന്നും അരുണ്‍ പോലീസിനോട് മൊഴിനല്‍കി. ഭര്‍ത്താവ് അരുണ്‍ കൈ കൊണ്ട് മുഖം അമര്‍ത്തിയാണ് ശാഖാ കുമാരിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും.
മരിച്ചതിന് ശേഷമാണോ ഷോക്ക് അടിപ്പിച്ചതെന്നും പരിശോധിക്കും. ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി പരിശോധനയില്‍ ഫോറന്‍സിക് കണ്ടെത്തിയിട്ടുണ്ട്.ബെഡ് റൂമില്‍ വച്ചു കൊലപ്പെടുത്തിയ ശേഷം ശാഖയെ ഹോളിലേക്ക് കൊണ്ടുവന്ന് ഷോക്കേല്‍പ്പിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ഫൊറന്‍സിക് സംഘവും ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്‌ട്രേറ്റിലെ ഉദ്യോഗസ്ഥരും ഇന്നും സ്ഥലത്ത് പരിശോധന നടത്തും.

ശാഖയുടെ അമ്മ ഫിലോമിന കിടപ്പുരോഗിയാണ്. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോഴാണ് അരുണിനെ പരിചയപ്പെട്ടത്. ഒക്ടോബര്‍ 19ന് ആയിരുന്നു വിവാഹം. വിവാഹത്തില്‍ നിന്നു ശാഖയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. കഴിഞ്ഞ 10ന് ഇരുവരും ഗ്രാമപ്പഞ്ചായത്തില്‍ എത്തി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരുണ്‍ മദ്യവും, മറ്റു ലഹരികളും ഉപയോഗിക്കാറുണ്ടെന്നു ശാഖ സുഹൃത്തിനോടു പറഞ്ഞിട്ടുണ്ട്. വിവാഹ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനെ ചൊല്ലി കഴിഞ്ഞദിവസം അരുണും, ശാഖയും വഴക്കിട്ടിരുന്നു. ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബര്‍മരം കടുംവെട്ടിനു നല്‍കിയപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയില്‍ 10 ലക്ഷത്തോളം അരുണിനു നല്‍കി. കാറും വാങ്ങിക്കൊടുത്തു. പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാര്‍ എതിര്‍ത്തു. വീടുവിട്ട അരുണ്‍ വാടകവീട്ടിലായിരുന്നു താമസം. വിവാഹത്തിനു മുന്‍പ് 5 ലക്ഷത്തോളം രൂപ അരുണ്‍ വാങ്ങി. സ്ത്രീധനമായി 100 പവനും 50ലക്ഷം രൂപയും ആയിരുന്നു ആവശ്യം. അടുത്തിടെ കുറച്ചു വസ്തു വില്‍ക്കാനും ശ്രമം നടത്തിയെന്നും റിപോർട്ടുകൾ ഉണ്ട്.

രാവിലെ 5ന് ഉണര്‍ന്ന ശാഖ ദീപാലങ്കാരം എടുത്തുമാറ്റാനുള്ള ശ്രമത്തിനിടയില്‍ ഷോക്കേറ്റുവെന്നാണ് അരുണ്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. 5 മണിക്ക് ശാഖയ്ക്ക് ഷോക്കേറ്റെന്നു പറയുന്ന അരുണ്‍ 6മണിക്കാണ് അയല്‍ക്കാരോട് വിവരം പറഞ്ഞത്. ആശുപത്രിയിലെത്തിച്ച്‌ രക്ഷിക്കാനുള്ള ശ്രമം നടത്താത്തതെന്തെന്ന പൊലീസിന്റെ ചോദ്യത്തിന് താന്‍ ഉറങ്ങിപ്പോയെന്നായിരുന്നു മറുപടി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റസമ്മതം നടത്തി. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും.