കോഴിക്കോട് പള്ളിസെക്രട്ടറിയുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി വീട് കയറി ആക്രമണം

കോഴിക്കോട് പള്ളിസെക്രട്ടറിയുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി വീട് കയറി ആക്രമണം

April 6, 2022 0 By Editor

കോഴിക്കോട് : അതിർത്തി തർക്കത്തെ തുടർന്ന് പള്ളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായ് സ്വദേശി യഹിയയുടെ വീടാണ് ഒരുസംഘം ആളുകൾ ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ പള്ളിക്കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.

യഹിയയുടെ വീട്ടിലേക്ക് ഒരു സംഘം ആളുകൾ അതിക്രമിച്ച് കടക്കുകയായിരുന്നു. യഹിയയുടെ ഭാര്യ ആയിഷബി മാത്രം വീട്ടിലുളളപ്പോഴായിരുന്നു ആക്രമണം. വീടിന്റെ ചുറ്റുമതിൽ, മുൻഭാഗത്തെ പടികൾ, മുകൾഭാഗത്തെ ഷീറ്റുകൾ എന്നിവ സംഘം തല്ലിത്തകർത്തു. ആക്രമണത്തിൽ രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

അതിർത്തി പ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്ന് യഹിയയുടെ കുടുംബം ആരോപിച്ചു. നാലര സെൻറ് ഭൂമിയിലാണ് യഹിയയുടെ വീട് നിൽക്കുന്നത് ഇതിനോട് ചേർത്ത് നിർമ്മിച്ച പള്ളിയുടെ ശുചിമുറിയിലെ എക്‌സോസ്റ്റ് ഫാൻ വീടിന് അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ചോദ്യം ചെയ്ത് യഹിയ കോർപറേഷനിൽ പരാതി നൽകിയിരുന്നു. കോർപറേഷൻ നടത്തിയ അന്വേഷണത്തിൽ ശുചിമുറി നിർമ്മാണം കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ശുചിമുറി പൊളിച്ചുനീക്കാൻ കോർപറേഷൻ ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് പള്ളിക്കമ്മിറ്റി അംഗങ്ങൾക്ക് തങ്ങളോട് പക തുടങ്ങിയത് എന്ന് യഹിയ ആരോപിച്ചു.

എന്നാൽ പള്ളിയുടെ മതിലിനോട് ചേർന്ന് യഹിയ അനധികൃത നിർമ്മാണം നടത്തിയെന്നാണ് പള്ളികമ്മറ്റി സെക്രട്ടറി ആരോപിച്ചത്. അക്രമം നടത്തിയത് ആരാണെന്ന് അറിയില്ലെന്നും പ്രശ്‌നം പരിഹരിക്കാൻ കുടുംബം തയ്യാറാകുന്നില്ലെന്നും ഇവർ പറഞ്ഞു.