വയോധികന്റെ കൊലപാതകം; :CCTV ഹാർഡ് ഡിസ്ക് അടക്കം മോഷ്ടിച്ചു; അന്വേഷണത്തിന് പ്രത്യേകസംഘം

വയോധികന്റെ കൊലപാതകം; :CCTV ഹാർഡ് ഡിസ്ക് അടക്കം മോഷ്ടിച്ചു; അന്വേഷണത്തിന് പ്രത്യേകസംഘം

December 31, 2023 0 By Editor

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊലപാതകത്തിനുപിന്നിൽ വലിയ ആസൂത്രണം ഉണ്ട് എന്നാണ് പ്രാഥമിക നിഗമനം. വായിൽ തുണിതിരുകി കൈകാലുകൾ കെട്ടിയനിലയിലായിരുന്നു വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റോഫീസിനുസമീപം പുതുവേലിൽ സ്റ്റോഴ്സ് എന്ന കട നടത്തിയിരുന്ന പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) ആണ് കൊല്ലപ്പെട്ടത്. മൈലപ്ര സർവീസ് സഹകരണബാങ്ക് സെക്രട്ടറി ഷാജി ജോർജിന്റെ അച്ഛനാണ് ഇദ്ദേഹം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും രാവിലെത്തന്നെ കടയിലെത്തി പരിശോധന നടത്തി. എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് ഡി.വൈ.എസ്.പിമാർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

മോഷണശ്രമത്തിനിടെ ആയിരിക്കാം കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം, വെയിലേൽക്കാതിരിക്കാൻ കടയുടെ മുൻഭാഗം പച്ച കർട്ടൻ ഉപയോഗിച്ച് മറച്ച ശേഷം കടയിൽ കിടന്നുറങ്ങാറുള്ള പതിവ് ജോര്‍ജിനുണ്ട്‌. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കടയിൽ സാധനം വാങ്ങാൻ എത്തിയ ആൾ, ജോർജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.

ഇയാളുടെ എട്ടുപവനോളം വരുന്ന മാല കാണാതായിട്ടുണ്ട്. കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കുന്നതിനും മറ്റുമായി ഇയാൾ ഉൾവസ്ത്രത്തിനുള്ളിൽ കുറച്ചധികം പണം സൂക്ഷിക്കാറുണ്ടായിരുന്നു. കൺസ്ട്രക്ഷൻ വർക്കൊക്കെ ഉള്ളതിനാൽ ആവശ്യമായ തുക എപ്പോഴും കൈയിൽ കരുതിയിരുന്നു. ഇതും നഷ്ടപ്പെട്ടിട്ടുണ്ട്. കടയിലെ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്ക് മോഷണം പോയതായും കണ്ടെത്തി.

ജോർജിനെ വ്യക്തമായി അറിയാവുന്ന ആളായിരിക്കാം കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പതിനൊന്ന് വർഷമായി മൈലപ്രയിൽ കടനടത്തി വരികയായിരുന്നു. നേരത്തെ ലിബിയയിൽ കൺസ്ട്രക്ഷൻ പണിയായിരുന്നു ജോർജിന്. 30 വർഷത്തിന് മുമ്പാണ് അവിടെ നിന്ന് വന്ന് നാട്ടിൽ കട തുടങ്ങി കച്ചവടം ആരംഭിച്ചത്. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്. മറ്റൊരുമകൻ: സുരേഷ് ജോർജ്. മരുമക്കൾ: ആശ ഷാജി, ഷേർളി സുരേഷ്.